‘തകര്‍ക്കപ്പെട്ട മതേതര മനസുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം പണിയുന്നത്’; സമസ്ത

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ വിമര്‍ശനവുമായി സമസ്ത. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ സമസ്ത പറഞ്ഞു. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തില്‍ പറയുന്നു.

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകര്‍ക്കപ്പെട്ട മതേതര മനസ്സുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതെന്നും സമസ്ത മുഖപത്രത്തില്‍ പറയുന്നു. രാജ്യത്തെ മത വല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാന്‍ ഉള്ള ജാഗ്രത കോണ്‍ഗ്രസ് കാട്ടണം. അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നല്‍കുന്നു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് തന്നെ മറുപടി പറയട്ടെയെന്നായിരുന്നു അബൂബക്കര്‍ മുസ്ലിയാരുടെ പ്രതികരണം. ചടങ്ങില്‍ ക്ഷണം നിരസിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. എന്നാല്‍ പങ്കെടുക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിനോടായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Top