മലപ്പുറം: ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത. സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് മാറി നില്‍ക്കുന്നതിലാണ് വിമര്‍ശനം. സമസ്ത എക്കാലവും ഇത്തരം പരിപാടികള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സിപിഐഎം ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം.
രാഷ്ട്രീയത്തിന്റെ പേരില്‍ മാറി നില്‍ക്കേണ്ടതില്ലെന്നും കേരളാ ബാങ്ക് വിഷയത്തിലെ ലീഗ് പങ്കാളിത്തം സൂചിപ്പിച്ചുകൊണ്ട് ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചു. രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരം പരിപാടികളില്‍ നിന്ന് മാറി നില്‍ക്കേണ്ടതില്ല. അങ്ങനെ മാറി നില്‍ക്കുന്നത് വെറുതെയാണ്. അതുകൊണ്ടാണ് ഇടതും വലതും നോക്കാതെ സമസ്ത പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു,
കേരള ബാങ്ക് ഭരണസമിതിയില്‍ മുസ്ലിം ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദ് അംഗമായിരുന്നു. ഇക്കാര്യത്തെ ഓര്‍മ്മിപ്പിച്ചാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം. അബ്ദുല്‍ ഹമീദ് കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതില്‍ ലീഗ് സഹകാരികള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അമര്‍ഷമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും അബ്ദുല്‍ ഹമീദീനെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകളുണ്ട്. പൗരത്വ ഭേദഗതി വിഷയത്തിലും പലസ്തീന്‍ വിഷയത്തില്‍ ലീഗ് കാണിച്ച സാങ്കേതികത്വം ബാങ്കിന്റെ വിഷയത്തില്‍ ലീഗിനില്ലെന്നാണ് പരിഹാസം.