മലപ്പുറം: കൈവെട്ട് പരാമര്‍ശം നടത്തിയ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി. തീവ്രസ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ സമസ്തയുടെ നേതാക്കള്‍ പറയാറില്ലെന്നും തീവ്രവാദികള്‍ക്ക് എതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്നും പുത്തനഴി മൊയ്തീന്‍ ഫൈസി വ്യക്തമാക്കി.
മുസ്ലിം ലീഗിനെ പരോക്ഷമായി ലക്ഷ്യമിട്ടാണ് സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗമെന്നും ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമസ്ത അണികള്‍ വളരെ ആവേശത്തോടെയാണ് പക്ഷെ സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗത്തെ സ്വീകരിച്ചത്. മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗം ചര്‍ച്ച ചെയ്യപ്പെടുന്നത്. ജാമിയ നൂരിയ്യയിലെ പരിപാടിയില്‍ നിന്ന് വിലക്കിയ യുവനേതാക്കളില്‍ ഒരാളാണ് സത്താര്‍ പന്തല്ലൂര്‍.
മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്നാണ് സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശം. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാന്‍ ശ്രമിച്ചാല്‍ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവര്‍ത്തകരെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.എന്‍ഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ വന്നപ്പോള്‍ പ്രതിരോധം തീര്‍ത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ലെന്നും മൊയ്തീന്‍ ഫൈസി പറഞ്ഞു. സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശത്തില്‍ സമസ്തയുടെ ഉന്നത നേതാക്കള്‍ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്നും മൊയ്തീന്‍ ഫൈസി വ്യക്തമാക്കി.