ലീഗിന്റെ ശത്രു മോദിയൊന്നും അല്ല ! അത് സി.പി.എം നേതാവ് ജയരാജൻ

‘പുര കത്തുമ്പോള്‍ വാഴവെട്ടുന്ന’ മാനസികാവസ്ഥയിലാണിപ്പോള്‍ മുസ്ലീം ലീഗ് നേതൃത്വം.

അതാണ് മലപ്പുറത്തും ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. കാളികാവ് വാഫി സെന്ററില്‍ നിന്നും പ്രിന്‍സിപ്പലിനെയും ഡയറക്ടറെയും പുറത്താക്കിച്ചത് തന്നെ ഇതിനു ഉദാഹരണമാണ്. പി.ജയരാജന് സി.എ.എക്കെതിരെ, പ്രസംഗിക്കാന്‍ അവസരം നല്‍കിയതിന്റെ പേരിലാണ് ഈ പുറത്താക്കല്‍.

ലീഗ് വോട്ട് ബാങ്കായ സമസ്തയുടെ നിയന്ത്രണത്തിലാണ് വാഫി സെന്ററുള്ളത്. സമസ്തയിലെ ഒരു വിഭാഗത്തെ ഉപയോഗപ്പെടുത്തിയാണ് ഈ ശിക്ഷാ നടപടി ലീഗിപ്പോള്‍ എടുപ്പിച്ചിരിക്കുന്നത്.

സി.പി.എം നേതാവ് പി.ജയരാജന്‍ തന്നെയാണ് പുറത്താക്കല്‍ വിവരം ഫെയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

വാഫി സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ലുഖ്മാന്‍ വാഫി ഫൈസി അസ്ഹരി, ഡയറക്ടര്‍ ഇബ്രാഹിം ഫൈസി എന്നിവരാണ് പുറത്താക്കപ്പെട്ടത്.

പി.ജയരാജന് കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ അവസരം നല്‍കിയതിന്, താന്‍ ഒഴിവാക്കപ്പെട്ടതായി ലുഖ്മാന്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

സമുദായംഗങ്ങളിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഇനി നടപടി പിന്‍വലിച്ചാലും, പുറത്താക്കിയവരെ അനുനയിപ്പിച്ചാല്‍ പോലും, ലീഗ് പ്രതിക്കൂട്ടില്‍ തന്നെയാകും.

ലീഗ് രാഷ്ട്രീയത്തിന്റെ വിശ്വാസ്യത കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പൗരത്വ നിയമത്തില്‍ യോജിച്ച സമരം വേണമെന്ന് വാദിച്ച സമസ്തയിലെ ഭിന്നത വ്യക്തമാക്കുന്നതു കൂടിയാണ് ഈ നടപടി.

ഫെബ്രുവരി പത്താം തിയ്യതിയാണ് കാളികാവില്‍ പാര്‍ട്ടി പരിപാടിക്കായി ജയരാജന്‍ എത്തിയിരുന്നത്.

കണ്ണൂരില്‍ ജയരാജന്റെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കണ്ട്, സുഹൃത്ത് നിര്‍ബന്ധിച്ച പ്രകാരമാണ് വാഫി സെന്റര്‍ ജയരാജന്‍ സന്ദര്‍ശിച്ചിരുന്നത്.

ഹൃദ്യമായ സ്വീകരണമാണ് ആ കാമ്പസില്‍ നിന്നും ജയരാജന് ലഭിച്ചിരുന്നത്. വാഫി സെന്ററിലെ ജീവകാരുണ്യ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ സ്ഥാപനവും ജയരാജന്‍ സന്ദര്‍ശിക്കുകയുണ്ടായി.

ഇതിനു ശേഷം അവിടെ പഠിക്കുന്ന കുട്ടികളുമായി ഐ.ആര്‍.പി.സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിക്കുകയുമുണ്ടായി. പൗരത്വ വിഷയത്തെ കുറിച്ചും ജയരാജന്‍ സംവദിച്ചിരുന്നു. കുട്ടികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് ജയരാജന്‍ മടങ്ങിയത്.

ജയരാജനെ ക്ഷണിച്ച വ്യക്തിയെ ആദ്യം വിളിച്ച് പ്രതിഷേധം അറിയിച്ചത് മുസ്ലീം യൂത്ത് ലീഗിന്റെ ജില്ലാ സെക്രട്ടറിയാണ്. ഇതിനു ശേഷമാണ് ലീഗ് നേതൃത്വം സമസ്ത നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്.

പൗരത്വം എന്ന വിഷയത്തെ കുറിച്ച് ജയരാജന്‍ സംസാരിച്ചതാണ് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ തട്ടകത്തില്‍ ചുവപ്പ് ശക്തിവര്‍ധിപ്പിക്കുന്നതിലെ ഭീതിയാണ് ഇതിനു പ്രധാന കാരണം.

‘ചുവപ്പു കണ്ട കാളയുടെ’ മാനസികാവസ്ഥയായി മാത്രമേ ഇത്തരം നിലപാടുകളെയും വിലയിരുത്താന്‍ കഴിയുകയൊള്ളു.

പത്തു വര്‍ഷം എം.എല്‍.എയായ ജയരാജന്‍ കുട്ടികളോട് സംവദിച്ചതില്‍ എന്താണ് തെറ്റ് ?

ജയരാജന്‍ മടങ്ങിയ ശേഷം വാഫി സെന്റര്‍ സാരഥികളെ പുറത്താക്കിയതാണ് ശരിക്കും വലിയ തെറ്റ്. ആരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും ഇതിന് മറുപടി പറയേണ്ടത് സമസ്തയാണ്. സ്വന്തം സമുദായ അംഗങ്ങള്‍ക്ക് പോലും ബോധ്യപ്പെടാത്ത നടപടിയാണ് അവിടെ അരങ്ങേറിയിരിക്കുന്നത്.

പൗരന്മാരോടുള്ള എല്ലാ വിധ പുറത്താക്കലിനെയും എതിര്‍ക്കുന്ന സംഘടനയാണ് സമസ്ത.ആ സംഘടന തന്നെ സ്വന്തം സാരഥികളെ പുറത്താക്കിയത് അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ്. ഇത് ഇസ്ലാമിക പ്രകാരമുള്ള ആതിഥ്യ മര്യാദയുടെ ലംഘനവുമാണ്.

ജയരാജന്‍ ചൂണ്ടിക്കാട്ടിയതു പോലെ, മതനിരപേക്ഷ വിഭാഗങ്ങളെയാകെ ചേര്‍ത്തു നിര്‍ത്തേണ്ട കാലമാണിത്. ആ സമയത്ത് തന്നെ ഒപ്പമുള്ളവരെ പുറത്താക്കുന്നത് ആദര്‍ശ പാപ്പരത്തമാണ് വെളിവാക്കുന്നത്. മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്വന്തം അസ്തിത്വമാണ് സമസ്തയിപ്പോള്‍ കളഞ്ഞ് കുളിക്കുന്നത്.

Panakkad Hyder Ali Shihab Thangal

Panakkad Hyder Ali Shihab Thangal

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തലശ്ശേരിയില്‍ സി.എച്ച് സെന്റര്‍ നടത്തുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു.

മുസ്ലീം ലീഗിന്റെ ഈ അദ്ധ്യക്ഷന്‍ വേദിയിലിരിക്കെ ആശംസ പ്രസംഗം നടത്തിയവരില്‍ ഒരാള്‍ പി.ജയരാജനായിരുന്നു. ഈ ചടങ്ങിലേക്ക് ജയരാജനെ ക്ഷണിച്ച ലീഗിന്, ഇപ്പോള്‍ മനംമാറ്റം വരാനുള്ള കാരണം, രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുക തന്നെ വേണം.

ഇവിടെയാണ് ലീഗിന്റെ രാഷ്ട്രീയവും തുറന്ന് കാട്ടപ്പെടുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ നില തെറ്റിയതിപ്പോള്‍ മുസ്ലീം ലീഗിനാണ്. പിണറായി സര്‍ക്കാറും ഇടതു സംഘടനകളുമാണ് പ്രതിഷേധത്തില്‍ കളം നിറഞ്ഞിരിക്കുന്നത്.

കാമ്പസുകള്‍ മുതല്‍ തെരുവുകള്‍ വരെ ചുവപ്പ് തീര്‍ത്ത പ്രതിരോധം ഡല്‍ഹിയെയും പ്രകമ്പനം കൊള്ളിക്കുന്നതാണ്.

സി.എ.എക്ക് എതിരെ ഏറ്റവും അധികം ആളുകള്‍ അണിനിരന്ന പ്രതിരോധം ഉയര്‍ത്തിയതും കേരളമാണ്. മമതയുടെ ബംഗാള്‍ പോലും നോക്കുകുത്തിയായടത്താണ് ഈ മുന്നേറ്റം. മനുഷ്യ മഹാ ശൃംഖലയില്‍ 80 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് കേന്ദ്ര സര്‍ക്കാര്‍ പോലും വിലയിരുത്തിയിരിക്കുന്നത്.

മുസ്ലീം ലീഗും കോണ്‍ഗ്രസ്സും മുഖംതിരിച്ച ഈ ശൃംഖലയില്‍ സമസ്തയും അണിചേര്‍ന്നിരുന്നു.

മുഖ്യമന്ത്രിയെ പുകഴ്ത്തി സമസ്ത നേതൃത്വം പരസ്യമായാണ് പ്രതികരിച്ചിരുന്നത്. മലപ്പുറത്ത് നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയിലും സമസ്ത സജീവ സാന്നിധ്യമായിരുന്നു. പിണറായി ഉദ്ഘാടകനായപ്പോള്‍ അധ്യക്ഷത വഹിച്ചത് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളായിരുന്നു. കേരളത്തിലെ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടായ ആശങ്ക അകറ്റാന്‍ മുഖ്യമന്ത്രി തയ്യാറായത് ശ്ലാഖനീയമാണൊണ് മുത്തുക്കോയ തങ്ങള്‍ അന്ന് പറഞ്ഞിരുന്നത്.

ലീഗിന്റെ കോട്ടയായ മലപ്പുറം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു പിണറായിയുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലി.

എടുക്കുന്ന നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന വിശ്വാസമാണ് സമസ്ത പങ്കുവെച്ചിരുന്നത്. ഈ നിലപാട് മറ്റു മുസ്ലീം മതസംഘടനകളും ഏറ്റെടുക്കുന്നത് ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

സാധാരണഗതിയില്‍ മുസ്ലിം മതസംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തയോഗങ്ങളുമെല്ലാം നടക്കുക മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ്. മതപരവും സാമുദായികവുമായി പ്രശ്നങ്ങളിലും തീര്‍പ്പുണ്ടാക്കുന്നതും മുസ്ലിം ലീഗ് അധ്യക്ഷന്‍മാരായ പാണക്കാട് തങ്ങള്‍മാരുടെ നേതൃത്വത്തിലാണ്. എന്നാല്‍ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഈ നേതൃത്വം പിണറായിക്കും സി.പി.എമ്മിനും കൈമാറപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതിന് തടയിടാനാണ് സമസ്ത നേതൃത്വത്തില്‍ ലീഗിപ്പോള്‍ ഭിന്നിപ്പിന് ശ്രമിക്കുന്നത്.

സ്വന്തം അടിത്തറ ഇളകുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഈ കരുനീക്കങ്ങള്‍.

സമസ്തയെ അനുനയിപ്പിക്കാന്‍ വലിയ ഇടപെടലുകളാണ് ലീഗ് നേതൃത്വം നിലവില്‍ നടത്തി വന്നിരുന്നത്. കടുത്ത ലീഗ് അനുകൂലികളായ സമസ്ത ഭാരവാഹികളെ മുന്‍നിര്‍ത്തിയാണിത്. ഈ സമര്‍ദ്ദത്തിന്റെ പരിണിത ഫലം കൂടിയാണ് വാഫി സെന്ററിലെ പുറത്താക്കല്‍. ഈ നടപടിക്കെതിരെ സമസ്തയില്‍ മാത്രമല്ല ലീഗ് അണികളിലും വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയായെന്ന് രഹസ്യമായെങ്കിലും ചില ലീഗ് നേതാക്കളും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാറിനും സംഘപരിവാറിനും എതിരായ പോരാട്ടത്തില്‍ ഒരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ട വ്യക്തിയല്ല പി. ജയരാജന്‍. അത് മുസ്ലീം സമുദായത്തിനും നന്നായറിയാം.

ജയരാജന്റെ ചേതനയറ്റ കൈ തന്നെ വലിയൊരു അടയാളമാണ്. ദേഹമാസകലം ആര്‍.എസ്.എസുകാര്‍ വെട്ടിനുറുക്കിയപ്പോഴും മരണത്തിന് അദ്ദേഹത്തെ കീഴ്‌പ്പെടുത്താന്‍ കഴിയാതിരുന്നത് ചങ്കുറപ്പ് ഒന്നുകൊണ്ടു മാത്രമായിരുന്നു.

വൈദ്യശാസ്ത്രത്തിനും അപ്പുറം മന:കരുത്ത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന നേതാവാണ് ജയരാജന്‍.

ഒറ്റക്കയ്യന്‍ എന്ന് പറഞ്ഞു കളിയാക്കിയവര്‍ക്ക് പോലും തണലാകുന്നതിപ്പോള്‍ ജയരാജന്‍ നേതൃത്വം കൊടുക്കുന്ന പാലിയേറ്റിവ് കെയറാണ്. നഷ്ടപ്പെട്ട കയ്യുടെ വിലയും വേദനയും അറിയാവുന്നവന്റെ പ്രോത്സാഹനമാണത്.

അനവധി ഭീഷണികളെയും പ്രതിസന്ധികളെയും അതിജീവിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലൂടെ മാത്രം നടന്നുവന്ന ആളാണ് കണ്ണൂരിന്റെ ഈ പോരാളി. അതിജീവനമാണ് ജീവിതം എന്നത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച നേതാവുകൂടിയാണ് ജയരാജന്‍.

സംഘപരിവാറിന്റെ നിരന്തര അക്രമണങ്ങള്‍ക്ക് ഇത്രയധികം ഇരയാകേണ്ടിവന്ന, മറ്റൊരു രാഷ്ട്രീയ നേതാവും, രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഉണ്ടാവുകയില്ല.

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വരെ നിശ്ചയിക്കുന്ന നാഗപൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ചുവപ്പ് വൃത്തത്തില്‍ രേഖപ്പെടുത്തിയ പേരാണ് ജയരാജന്‍ എന്ന കമ്യൂണിസ്റ്റിന്റേത്.

ചുവപ്പ് ഭീകരതക്കെതിരെ അമിത് ഷായുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും തലസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ ടാര്‍ഗറ്റ് ചെയ്തതും ജയരാജനെയാണ്. യോഗി ആദിത്യനാഥ് ഉള്‍പ്പെടെ രാജ്യത്തെ സകല ബി.ജെ.പി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുത്ത മാര്‍ച്ചായിരുന്നു അത്. ഇത്തരത്തില്‍ ഒരു പ്രതിഷേധം മറ്റൊരു സംസ്ഥാനത്തും, സംഘപരിവാര്‍ സംഘടനകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നതും ഓര്‍ക്കണം.

ഒരു ‘തരി’യായാലും ഗൗരവമായി കാണേണ്ടത് കമ്യൂണിസ്റ്റുകളെയാണെന്ന് സംഘപരിവാര്‍ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് സാക്ഷാല്‍ മോഹന്‍ ഭാഗവതാണ്.

ജയരാജന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകളും മുഖ്യമന്ത്രി പിണറായിയുമെല്ലാം എന്നും കാവി രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടുകള്‍ തന്നെയാണ്.

അതുകൊണ്ടാണ് കേരളത്തില്‍ ഉയരുന്ന സി.എ.എ വിരുദ്ധ പ്രതിഷേധത്തെ കേന്ദ്ര സര്‍ക്കാരും ആശങ്കയോടെ വീക്ഷിക്കുന്നത്.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നതു കൊണ്ടുതന്നെയാണ് മത ന്യൂനപക്ഷങ്ങളും ചുവപ്പിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത്.

സ്വന്തം അടിത്തറ തകരുന്നതില്‍ ലീഗ് നേതൃത്വം ആകുലപ്പെട്ടിട്ട് ഒരുകാര്യവുമില്ല. കാരണം, നിങ്ങളില്‍ സ്വന്തം അനുയായികള്‍ക്ക് തന്നെ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു.

മനുഷ്യ ശൃംഖലക്ക് പകരമായി യുഡിഎഫ് തീര്‍ത്ത മനുഷ്യ ഭൂപടം പോലും ചീറ്റിപ്പോയ പ്രതിഷേധമാണ്.

കോഴിക്കോട് കടപ്പുറത്ത് ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍ സംഘടിപ്പിച്ച ഉപവാസത്തില്‍ പോലും താരമായത് പിണറായിയാണ്. ഉപവാസ സമരത്തില്‍ പ്രധാന പ്രാസംഗികയായെത്തിയ ജമ്മു കശ്മീരിലെ കത്വ കേസ് അഭിഭാഷക ദീപിക സിങ് വാനോളം പുകഴ്ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്, സംസ്ഥാനസര്‍ക്കാരും ഇടതുപക്ഷവും സ്വീകരിച്ച ശക്തമായ നിലപാടാണ് ദീപികയെ പോലും സ്വാധീനിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിന് ലഭിക്കുന്ന ഈ വര്‍ദ്ധിച്ച പിന്തുണയില്‍ വിളറി പിടിച്ചാണിപ്പോള്‍ ലീഗ് സമസ്തയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത്. വാഫി സെന്ററിലെ ഉന്നതരെ പുറത്താക്കിച്ചതും ഇതിന്റെ ഭാഗം തന്നെയാണ്. സ്വയം മുങ്ങുന്ന ലീഗിന്റെ വഞ്ചിയില്‍ കയറിയാല്‍ സമസ്തയാണ് ഇനി വെട്ടിലാകുക. ഇക്കാര്യം സമസ്ത നേതൃത്വവും ഓര്‍ക്കുന്നത് നല്ലതാണ്.

സ്വന്തം സമുദായ അംഗങ്ങള്‍ക്ക് ബോധ്യപ്പെടാത്തത് ചെയ്താല്‍, അത് ചെയ്യുന്നവര്‍ തന്നെയാണ് കാലത്തിന്റെ ചവറ്റുകൊട്ടയില്‍ വലിച്ചെറിയപ്പെടുക.

പ്രസംഗത്തിലല്ല… ധീരത, പ്രവര്‍ത്തിയിലാണെന്ന് തെളിയിച്ച നേതാവാണ് പി. ജയരാജന്‍.

സംഘപരിവാര്‍ ഫാസിസത്തിനെതിരെ ജീവന്‍പോലും വകവെക്കാതെ പൊരുതുന്ന ഈ കമ്മ്യൂണിസ്റ്റിനെ, അകറ്റിനിര്‍ത്തുന്ന നീതികേടിന് സമസ്തയും മുസ്ലീം ലീഗും കേരളീയ പൊതുസമൂഹത്തിനോട് മറുപടി പറയേണ്ടിവരികതന്നെചെയ്യും. അക്കാര്യം എന്തായാലും ഉറപ്പാണ്.

Political Reporter

Top