ഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സമസ്ത കേരള ജംഇ്ത്തുല്‍ ഉലമ സുപ്രിംകോടതിയെ സമീപിച്ചു. കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിധിയെ ചോദ്യം ചെയ്ത് ഇതാദ്യമായാണ് കേരളത്തിലെ ഒരു സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് ഹര്‍ജിയിലൂടെ സമസ്ത ആരോപിച്ചു. പൊതുസ്ഥലങ്ങളിലെത്തുമ്പോള്‍ സ്ത്രീകള്‍ മുടിയും കഴുത്തും തുണി ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുര്‍ആനിലുണ്ടെന്നും ഹര്‍ജിയിലൂടെ സമസ്ത കോടതി മുമ്പാകെ ചൂണ്ടിക്കാട്ടുന്നു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതായിരുന്നു വിധി.