ചെന്നൈ: സ്വവര്‍ഗ്ഗാനുരാഗികളായ യുവതികളെ ചെന്നെയിലെ ഹോട്ടലില്‍ നിന്നു പുറത്താക്കി. അതിഥികള്‍ക്ക് അരോചകമാകും വിധം പെരുമാറിയെന്ന് ആരോപിച്ചാണ് ഇവരെ ഹോട്ടലില്‍ നിന്ന് പുറത്താക്കിയത്. രസികാ ഗോപാലകൃഷ്ണന്‍, ശിവാങ്കി സിങ് എന്നീ യുവതികളെയാണ് ജൂലൈ 28ന് ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലില്‍ നിന്ന് അധികൃതര്‍ പുറത്താക്കിയത്.
എന്നാല്‍ തങ്ങളെ മനപ്പൂര്‍വം കാരണങ്ങളുണ്ടാക്കി പുറത്താക്കുകയായിരുന്നെന്നും അതിഥികളെല്ലാം അവരവരുടെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നെന്നുമാണ് രസിക സമൂഹമാധ്യമത്തില്‍ കുറിച്ചത്.
‘കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് താനും സുഹൃത്തും സ്ലോറ്റ് ഹോട്ടലിലെത്തുന്നത്. തുടര്‍ന്ന് ഞങ്ങള്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നാലഞ്ച് പേര്‍ ഞങ്ങളെ തന്നെ സുക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ വാഷ് റൂമിലേക്ക് കയറി കുറച്ച് കഴിഞ്ഞ് ഡോറില്‍ ആഞ്ഞ് മുട്ടുകയും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പുറത്തിറങ്ങിയ ഞങ്ങളോട് രണ്ടു പേരും അകത്ത് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് വളരെ മോശമായ രീതിയില്‍ സംസാരിച്ചു.
ഞങ്ങളിരുവരും അസാന്മാര്‍ഗികമായി എന്തോ ചെയ്യുന്നുവെന്ന രീതിയിലായിരുന്നു അവരുടെ സംസാരം. പിന്നീട് നിങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്നും ഒഴിഞ്ഞു പോകണമെന്നും പറഞ്ഞു. കാര്യമന്വേഷിച്ചപ്പോള്‍ മറ്റു അഥിതികളില്‍ നിന്നും ഞങ്ങളെ കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാല്‍, താനും സുഹൃത്തും മറ്റുള്ളവര്‍ക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ലെന്നാണ് പോസ്റ്റിലൂടെ രസിക വ്യക്തമാക്കുന്നത്.
അതിഥികള്‍ക്ക് അരോചകമാകും വിധം സ്റ്റേജില്‍ കയറിനിന്ന് ഇരുവരും ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്നാണ് മാനേജര്‍ പറഞ്ഞതെന്ന് ശിവാങ്കി സമൂഹമാധ്യമത്തില്‍ കുറിച്ചു. അതിന്റെ വിഡിയോ കൈയില്‍ ഉണ്ടെന്നാണ് മാനേജര്‍ പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ വിഡിയോ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പേള്‍ അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അയാള്‍ വിഡിയോയെ കുറിച്ച് പറഞ്ഞത് കള്ളമാണ്. അത്തരത്തില്‍ ഒരു വിഡിയോ ഇല്ല’, ശിവാങ്കി പറഞ്ഞു.
എന്നാല്‍ ഹോട്ടലില്‍ അപമര്യദയായി പെരുമാറുകയും മറ്റു ഗസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെയും
പുറത്താക്കാറുണ്ട്. ഇത് മാത്രമാണ് ഇവിടെയുമുണ്ടായതെന്നാണ് ഹോട്ടല്‍ സ്ഥാപകനും സി.ഇ.ഓയുമായ യങ്ക്യ പ്രകാശ് പറഞ്ഞത്.