നിലമ്പൂര്‍: അധികൃതര്‍ കൈയ്യൊഴിഞ്ഞ മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയില്‍ സംസ്‌ക്കാര സാഹിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പഠനകേന്ദ്രത്തില്‍ ആഹ്ലാദ തിമര്‍പ്പോടെ കാടിന്റെ മക്കള്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങി. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വ്വഹിച്ചു. പഠനകേന്ദ്രം അലങ്കരിച്ചും മിഠായി വിതരണം ചെയ്തും ബലൂണുകള്‍കെട്ടിയും ആഹ്ലാദ തിമര്‍പ്പോടെയാണ് കോളനിയിലെ കുട്ടികള്‍ പ്രവേശനോത്സവം ആഘോഷമാക്കിയത്.
സ്‌കൂള്‍ അധ്യയനവര്‍ഷത്തിന് തുടക്കംകുറിച്ച് നാടെങ്ങും ഡിജിറ്റല്‍ പ്രവേശനോത്സവം നടന്നപ്പോള്‍ പഠനത്തിന് വഴികാണാതെ ദുരിതത്തിലായിരുന്നു മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ പതിനഞ്ചോളം കുട്ടികള്‍. പുസ്തകങ്ങളും അരിയും കോളനിയിലെത്തിച്ചതല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനായി ഒരു സൗകര്യവും അധികൃതര്‍ഒരുക്കിയിരുന്നില്ല.
ഇവരുടെ ദുരിതമറിഞ്ഞ് കോളനിയിലെത്തിയ ആര്യാടന്‍ ഷൗക്കത്ത് പഠനകേന്ദ്രം നിര്‍മ്മിച്ചു നല്‍കാമെന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്. ഒരാഴ്ചക്കകം തന്നെ വാക്കുപാലിച്ച് കോളനിയില്‍ മുളകൊണ്ട് കെട്ടിയുണ്ടാക്കി ഷീറ്റ് മേഞ്ഞ് പഠനകേന്ദ്രം ഒരുക്കി അവിടെ ഡിജിറ്റല്‍ ടെലിവിഷന്‍ അടക്കമുള്ള സൗകര്യങ്ങളൊരുക്കി അത് കുട്ടികള്‍ക്കായി തുറന്നു നല്‍കി.
കഴിഞ്ഞ വര്‍ഷം സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ കോളനിയില്‍ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ പഠന കേന്ദ്രം മരംവീണ് തകര്‍ന്നതോടെയാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. 2019ലെ പ്രളയത്തില്‍ കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലം തകരുകയും ചാലിയാര്‍ പുഴ ഗതിമാറിയൊഴുകി കോളനിയിലെ വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. അന്നു മുതല്‍ വനത്തില്‍ താല്‍ക്കാലിക ഷെഡുകള്‍കെട്ടിയാണ് ആദിവാസികളുടെ താമസം.
ആദിവാസി യുവാക്കള്‍ ചങ്ങാടം കെട്ടിയാണ് കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. ഈ ദുരിത ജീവിതത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങിയപ്പോഴാണ് പഠനകേന്ദ്രവും ഡിജിറ്റല്‍ ടെലിവിഷന്‍ അടക്കമുള്ള പഠനസൗകര്യവുമായി സംസ്‌ക്കാര സാഹിതി തണലായത്. പഠനകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോര്‍ജ്്, പോത്തുകല്‍ പഞ്ചായത്തംഗം കവിത, നിഖില്‍ ഇരുട്ടുകുത്തി, രാജേഷ് അപ്പന്‍കാപ്പ്, യൂസഫ് കാളിമഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു.