കൊറോണ; സാംസങ്ങിന്റെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊറിയയില്‍ നിന്ന് മാറ്റി

ലോകരാജ്യങ്ങളില്‍ ഭീതിവിതച്ച് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊറിയയില്‍ നിന്ന് സാംസങ്ങിന്റെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്കാലികമായി വിയറ്റ്‌നാമിലേക്ക് മാറ്റി.

കൊറിയന്‍ ഫാക്ടറിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാക്ടറി അടയ്‌ക്കേണ്ടി വന്നതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ കമ്പനി തീരുമാനിച്ചത്.

സാംസങിന്റെ എസ്20, സെഡ് ഫ്‌ളിപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ എന്നിവ നിര്‍മിക്കുന്ന ദക്ഷിണ കൊറിയയിലെ ഗുമിയിലുള്ള ഫാക്ടറിയാണ് അടച്ചിട്ടത്.

ഈ പ്രീമിയം ഫോണുകളുടെ വിതരണത്തില്‍ തടസമുണ്ടാകാതിരിക്കാനാണ് നിര്‍മാണം വിയറ്റ്‌നാമിലേക്ക് മാറ്റിയത്. വൈറസ് നിയന്ത്രണ വിധേയമായാല്‍ തിരികെ ഗുമി ഫാക്ടറിയിലേക്ക് പോവുമെന്ന് സാംസങ് അറിയിച്ചു.

നേരത്തെ തന്നെ സാംസങ്ങിന്റെ വലിയൊരു ഭാഗം ഫോണ്‍ നിര്‍മാണവും വിയറ്റ്‌നാമിലേക്ക് മാറ്റിയിരുന്നു. കമ്പനിയുടെ 50 ശതമാനം ഫോണ് നിര്‍മാണവും ഇപ്പോള്‍ വിയറ്റ്‌നാമിലാണ്.

Top