ഫിംഗര്‍പ്രിന്റ് സെന്‍സറുകളുള്ള ഫോണുകളാണ് ഇപ്പോള്‍ വിപണി കൈയടക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ശരീര താപനില നോക്കി ആളെ തിരിച്ചറിയുന്ന മൊബൈല്‍ ഫോണും കണ്ടുപിടിച്ചിരിക്കുന്നു.
വിരല്‍ പതിപ്പിക്കുമ്പോള്‍ ശരീരതാപനിലയും പ്രഷറും വരെ റീഡ് ചെയ്യുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഉത്സാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററിലെ സാംസങ് ഡിസ്‌പ്ലേ വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍. വിരലമര്‍ത്തുമ്പോള്‍ ശരീര താപനിലയും നമ്മള്‍ പ്രയോഗിക്കുന്ന മര്‍ദവും തിരിച്ചറിയാനും അതുവഴി കൈരേഖ മനുഷ്യരുടേത് തന്നെയാണെന്ന് മനസിലാക്കാനും പുതിയ ഫ്‌ലെക്‌സിബിള്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറിന് സാധിക്കും.
കൃത്രിമമായ ഫിംഗര്‍ പ്രിന്റുകളും ഈ സെന്‍സറുകളില്‍ പിടിക്കപ്പെടും. അതിനാല്‍ മറ്റൊരാള്‍ കൃത്രിമമായ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാലും നടക്കില്ല. ശരീരതാപനില അളക്കാന്‍ കഴിയുന്നതോടെ ഫിംഗര്‍പ്രിന്റ് സംവിധാനത്തിന്റെ സുരക്ഷയും വര്‍ധിക്കും.
അള്‍ട്രാലോങ് സില്‍വര്‍ നാനോഫൈബറുകളും സില്‍വര്‍ നാനോവയറുകളും അടിസ്ഥാനമാക്കിയുള്ള ഹ്രൈബിഡ് നാനോസ്ട്രക്ചര്‍ ഉപയോഗിച്ചാണ് ഫ്‌ലക്‌സിബിളായ മള്‍ട്ടിഫങ്ഷണല്‍ സെന്‍സര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫുള്‍സ്‌ക്രീന്‍ ഫോണുകള്‍ അവതരിപ്പിച്ചതോടെയാണ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുകളിലേക്ക് ചേക്കേറുന്നത്.