മനോഹരമായ പൂപ്പാത്രത്തിന്റെ രൂപത്തിലുള്ള ജീവന്‍ രക്ഷാ ഉപകരണം വിപണിയില്‍ അവതരിപ്പിച്ച് സാംസങ്. ഒറ്റനോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള പൂക്കള്‍ അടങ്ങുന്ന സുന്ദരമായ പൂപാത്രം എന്നേ തോന്നൂ. എന്നാല്‍ ഈ പൂപാത്രം അപകടമുണ്ടാവുന്ന അവസരങ്ങള്‍ തീ പടരുന്നത് തടയാന്‍ സഹായിക്കുന്ന ഒന്നാണ്. തീ കെടുത്തുന്ന ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവ പലപ്പോഴും കെട്ടിടത്തിന്റെ ഏതെങ്കിലും മൂലയിലായിരിക്കും ഉണ്ടാവുക. സുന്ദരമായ പൂപ്പാത്രമാകുമ്പോള്‍ ഏത് മുറിയിലും അലങ്കാര വസ്തുവായി വെക്കാമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
കൈ എത്തും ദൂരത്തുള്ള ഈ അഗ്നിശമന ഉപകരണത്തിന് അപ്രതീക്ഷിത അപകടങ്ങളില്‍ നിന്നും നിരവധി ജീവനുകളെ രക്ഷിക്കാനുമാകും. ചില്ല് വെസലിനുള്ളിലെ അറയില്‍ തീ കെടുത്താന്‍ സഹായിക്കുന്ന പൊട്ടാസ്യം കാര്‍ബണേറ്റ് സൂക്ഷിച്ചിരിക്കുന്നതാണ് ഉപകരണത്തിന്റെ പ്രധാന സവിശേഷത. തീ പടരുന്ന ഭാഗത്തേക്ക് ഈ പൂപ്പാത്രം എറിഞ്ഞാല്‍ അത് പൊട്ടി ഉള്ളിലെ പൊട്ടാസ്യം കാര്‍ബണേറ്റ് പുറത്തുവന്ന് ഞൊടിയിടകൊണ്ട് തീ കെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ തീ കെടുത്തുന്നതിന്റെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിരുന്നു. സാംസങ്ങിന് കീഴിലെ ചെയില്‍ വേള്‍ഡ് വെയ്ഡ് എന്ന സ്ഥാപനമാണ് ഈ ഫയര്‍ വെയ്സ് നിര്‍മിച്ചത്. ഈ ഉപകരണം ഇപ്പോള്‍ ദക്ഷിണകൊറിയയില്‍ മാത്രമാണ് അവതരിക്കുന്നത്.