സാംസങ് ഗാലക്സി നോട്ട് 20, നോട്ട് 20 അള്‍ട്രാ എന്നിവയുടെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫോണിന്റെ രണ്ട് പുതിയ മോഡലുകള്‍ ഓഗസ്റ്റ് 21 മുതല്‍ വില്‍പ്പനയ്‌ക്കെത്തും.
ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സാംസങ് ഡോട്ട് കോം, വിവിധ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെയാണ് ഫോണിന്റെ പ്രീ ബുക്കിംഗ് നടക്കുന്നത്. ഗാലക്‌സി നോട്ട് 20 പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 6,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഗാലക്സി നോട്ട് 20 അള്‍ട്രാ 5 ജി 9,000 രൂപയ്ക്ക് പ്രീ-ബുക്കിംഗിനായി ലഭ്യമാണ്. കൂടാതെ, നിലവിലുള്ള സാംസങ് ഗാലക്‌സി ഉപയോക്താക്കള്‍ക്ക് കൈയിലുള്ള ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 5,000 രൂപ വരെയുള്ള ഒരു അപ്‌ഗ്രേഡ് ഓഫറിന് അര്‍ഹതയുണ്ട്.
ഡ്യുവല്‍ നാനോ സിം മോഡല്‍ ആയ ഗാലക്സി നോട്ട് 20, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ വണ്‍ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.7 ഇഞ്ച് ഫുള്‍ എച്ഡി+ (1,080×2,400 പിക്സല്‍) ഇന്‍ഫിനിറ്റി-ഓ സൂപ്പര്‍ അമോലെഡ്+ ഫ്‌ലാറ്റ് ഡിസ്‌പ്ലേയാണ് വരുന്നത്. 60Hz റിഫ്രഷ് റേറ്റും 20:9 ആസ്‌പെക്ട് റേഷ്യോയും ഈ ഡിസ്പ്ലേയ്ക്കുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865+ SoC പ്രോസസ്സറാണ് സാംസങ് ഗാലക്സി നോട്ട് 20-ന്റെ കരുത്ത്. 8 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണ് ഗാലക്സി നോട്ട് 20ല്‍ വരുന്നത്.
12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 64 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സര്‍, 12 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സര്‍ എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമറായാണ് ഗാലക്സി നോട്ട് 20-ന്. 30x സ്‌പേസ് സൂമും ക്യാമറയ്ക്കുണ്ട്. 10 മെഗാപിക്‌സല്‍ സെല്‍ഫി കാമറയുമുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,300mAh ബാറ്ററിയാണ് ഗാലക്സി നോട്ട് 20-ല്‍ വരുന്നത്.
ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ വണ്‍ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ തന്നെയാണ് ഗാലക്സി നോട്ട് 20 അള്‍ട്രയും പ്രവര്‍ത്തിക്കുന്നത്. 6.9 ഇഞ്ച് WQHD (1,440×3,200 പിക്‌സല്‍) ഇന്‍ഫിനിറ്റി-ഓ ഡൈനാമിക് അമോലെഡ് 2X കര്‍വ്ഡ്-എഡ്ജ് ഡിസ്‌പ്ലേയാണ് ഗാലക്സി നോട്ട് 20 അള്‍ട്രയ്ക്ക്. 120Hz റിഫ്രഷ് റേറ്റും 19.3:9 ആസ്‌പെക്ട് റേഷ്യോയും ഈ ഡിസ്പ്ലേയ്ക്കുണ്ട്. വിപണി അനുസരിച്ച് ഒക്ട-കോര്‍ എക്‌സിനോസ് 990 അല്ലെങ്കില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865+ SoC പ്രോസസ്സറാണ് സാംസങ് ഗാലക്സി നോട്ട് 20 അള്‍ട്രയ്ക്കും. 128 ജിബി, 256 ജിബി, 512 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകള്‍ ഗാലക്സി നോട്ട് 20 അള്‍ട്ര ലഭ്യമാണ്.
10 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 12 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സര്‍, 12 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സര്‍ എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമറയാണ് ഗാലക്സി നോട്ട് 20 അള്‍ട്രയ്ക്ക് ലഭിക്കുന്നത്. 10 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ തന്നെയാണ് ഗാലക്സി നോട്ട് 20 അള്‍ട്രയ്ക്കും വരുന്നത്. വയേര്‍ഡ്, വയര്‍ലെസ്സ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയാണ് ഗാലക്സി നോട്ട് 20 അള്‍ട്രയ്ക്ക് ഉള്ളത്.