110 ഇഞ്ച് വലിപ്പമുള്ള വമ്പൻ ടിവിയുമായി സാംസങ്

110 ഇഞ്ച് വലിപ്പമുള്ള ടിവി അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ ടെക്നോളജി ബ്രാൻഡായ സാംസങ്. തിയേറ്റർ അടച്ചിട്ട ഈ സമയത്ത് ഒടിടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുന്ന സിനിമകൾ എല്ലാവരും വീട്ടിൽ ഇരുന്നാണ് കാണുന്നത്. 110-ഇഞ്ച് മൈക്രോ എൽഇഡി ടിവി അവതരിപ്പിക്കുന്നതിലൂടെ തിയേറ്റർ അനുഭവം വീട്ടിൽ സാധ്യമാക്കുകയാണ് സാംസങ്. 156,400 ഡോളർ (ഏകദേശം 1.15 കോടി രൂപയാണ്) സാംസങ് 110-ഇഞ്ച് മൈക്രോ എൽഇഡി ടിവിയുടെ വില. ദക്ഷിണ കൊറിയയിൽ ബുക്കിംഗ് ആരംഭിച്ച വമ്പൻ ടിവി അധികം താമസമില്ലാതെ അമേരിക്കൻ, മിഡിൽ ഈസ്റ്റ്, യൂറോപ്യൻ വിപണികളിലേക്ക് സാംസങ് വ്യാപിപ്പിക്കും.

110 ഇഞ്ച് മൈക്രോ എൽഇഡി ടിവിയ്ക്ക് 3.3 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. 8 ദശലക്ഷത്തിലധികം ആർ‌ജിബി എൽ‌ഇഡി ചിപ്പുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ടിവി 4K റെസല്യൂഷൻ നിലവാരം ഉറപ്പാക്കുന്നു. മൈക്രോ എ‌ഐ പ്രോസസറും പുത്തൻ സാംസങ് ടിവിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് മികച്ച നിലവാരം പുലർത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽ‌ഗോരിതം ഉപയോഗിക്കുന്നു. തങ്ങളുടെ പുത്തൻ ഉത്പന്നത്തിന് അർഹമായ വിൽ‌പന നേടാൻ‌ സാധിക്കുമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ചു ജോങ്-സുക് പറഞ്ഞു. മൈക്രോ എൽഇഡി ടിവികളിൽ മൈക്രോമീറ്റർ വലുപ്പത്തിലുള്ള എൽഇഡി ചിപ്പുകൾ സിംഗിൾ പിക്‌സലുകളായി ഉപയോഗിക്കുന്നു, ഇവയ്ക്ക് സ്വയം പ്രകാശിപ്പിക്കാനും മികച്ച വ്യക്തത ഉറപ്പുവരുത്താനും സാധിക്കും. ഓർഗാനിക് ലൈറ്റ്-എമിറ്റിംഗ് ഡയോഡ് ഡിസ്പ്ലേകളിൽ നിന്ന് വ്യത്യസ്തമായി, മൈക്രോ എൽഇഡി ടിവികളിൽ ഇൻഓർഗാനിക് ഘടകങ്ങൾ ഉപയോഗിക്കുന്നത് ഡിസ്‌പ്ലേയുടെ തിളക്കം മങ്ങുന്നത് പരമാവധി കുറയ്ക്കും.

വാണിജ്യപരമായ ഉപയോഗത്തിനായി സാംസങ് ആദ്യമായി മൈക്രോ എൽഇഡി ഡിസ്പ്ലേയുള്ള ടിവി 2018-ൽ തന്നെ ‘ദി വാൾ’ ബ്രാൻഡിന് കീഴിൽ അവതരിപ്പിച്ചിരുന്നു. അതെ സമയം ഗാർഹീക ഉപയോഗത്തിനുള്ള മൈക്രോ എൽഇഡി ഇതാദ്യമായാണ് വിപണിയിലെത്തുന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള കസ്റ്റമൈസ്ഡ് മൈക്രോ എൽഇഡി ടിവികൾക്ക് വിപരീതമായി പുതിയ 110-ഇഞ്ച് മൈക്രോ എൽഇഡി ടിവി പ്രീ-ബിൽറ്റ് ആയതിനാൽ ഇൻസ്റ്റാളേഷനും കാലിബ്രേഷനും ഉപഭോക്താക്കൾക്ക് തലവേദന സൃഷ്ടിക്കില്ല എന്ന് സാംസങ് അവകാശപ്പെടുന്നു. സാംസങിന്റെ ആദ്യ മൈക്രോ എൽഇഡി ഡിസ്പ്ലേയുള്ള ടിവി 110 ഇഞ്ച് ആണെങ്കിലും ഭാവിയിൽ 70 ഇഞ്ച് മുതൽ 100 ഇഞ്ച് വരെ സ്‌ക്രീൻ വലുപ്പമുള്ള മൈക്രോ എൽഇഡി ടിവികൾ പുറത്തിറക്കാനുള്ള പദ്ധതികൾ കമ്പനി വിഭാവനം ചെയ്യുന്നുണ്ട്. മാത്രമല്ല മറ്റുള്ളവരും മൈക്രോ എൽഇഡി ടിവികളുമായി എത്തുന്നതോടെ ടിവികളുടെ വില ഗണ്യമായി കുറയും എന്നും സാംസങ് കണക്ക് കൂട്ടുന്നു.

Top