ഡിസ്‌പ്ലേ പുറകോട്ടും മുന്നോട്ടും പൂര്‍ണമായി മടക്കിവെക്കാവുന്ന ലാപ്‌ടോപുമായി സാംസങ്ങ് എത്തിയിരിക്കുകയാണ്. നോട്ട്ബുക് 7 സ്പിന്‍ എന്നാണ് ഈ സങ്കരരൂപിയുടെ പേര്. 13.3 ഇഞ്ച്, 15.6 ഇഞ്ച് ഡിസ്പ്‌ളേ സൈസുകളില്‍ ലഭിക്കും.
പറയുന്നപോലെ പുറകിലേക്ക് 360 ഡിഗ്രി മടക്കാവുന്ന ഡിസ്‌പ്ലേയാണ്. 13.3 ഇഞ്ചിന് 800 ഡോളര്‍ മുതല്‍ (ഏകദേശം 54,500 രൂപ) ആണ് വില. 15.6 ഇഞ്ചിന് 1000 ഡോളര്‍ (ഏകദേശം 68,000 രൂപ) മുതല്‍ നല്‍കണം.
1920×1080 പിക്‌സല്‍ ഫുള്‍ എച്ച്.ഡി റസലൂഷനാണ് 13.3 ഇഞ്ച്, 15.6 ഇഞ്ച് ഡിസ്പ്‌ളേകള്‍ രണ്ടും. എച്ച്.ഡിയേക്കാളും കൂടുതല്‍ മികവിലും മിഴിവിലും സിനിമ ആസ്വദിക്കാന്‍ വീഡിയോ എച്ച്ഡിആര്‍ (ഹൈ ഡൈനാമിക് റേഞ്ച്) മോഡ് ഇതിലുള്ളതാണ് പ്രധാന പ്രത്യേകത.
വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റം, ആറാംതലമുറ ഇന്റല്‍ കോര്‍ ഐ5, അല്ലെങ്കില്‍ ഐ 7 പ്രോസസര്‍, 13.3 ഇഞ്ചില്‍ എട്ട് ജി.ബി റാം, 15.6 ഇഞ്ചില്‍ 12 ജി.ബി, 16 ജി.ബി റാം, ഒരു ടെറാബൈറ്റ് വരെ ഹാര്‍ഡ് ഡ്രൈവ് (വേണമെങ്കില്‍ 15.6 ഇഞ്ചില്‍ 128 ജി.ബി മുതല്‍ സോളിഡ് സ്റ്റേറ്റ് ഡ്രൈവും ലഭിക്കും), എച്ച്ഡിഎംഐ, രണ്ട് യുഎസ്ബി 2.0 പോര്‍ട്ട്, ഒരു യുഎസ്ബി 3.0 പോര്‍ട്ട്, ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 15.6 ഇഞ്ചില്‍ ഇതര്‍നെറ്റ് പോര്‍ട്ട് എന്നിവയാണ് വിശേഷങ്ങള്‍.
20 മിനിറ്റില്‍ രണ്ട് മണിക്കൂറിന് വേണ്ട ചാര്‍ജ് സംഭരിക്കുന്ന ബാറ്ററിയാണ്. 15.6 ഇഞ്ച് പതിപ്പ് ഒന്നര മണിക്കൂറിലും 13.3 ഇഞ്ച് പതിപ്പ് 100 മിനിട്ടിലും പൂര്‍ണമായി ചാര്‍ജാവും. ഇരുട്ടില്‍ തനിയെ പ്രകാശിക്കുന്ന ഓട്ടോബാക്ക്‌ലിറ്റ് കീബോര്‍ഡാണ്.
വിന്‍ഡോസ് 10ല്‍ ഈവര്‍ഷം തന്നെ നോട്ട്ബുക് 9, സാംസങ് ഗ്യാലക്‌സി ടാബ് പ്രോ എസ് എന്നിവ സാംസങ് രംഗത്തിറക്കിയിരുന്നു.