ഇന്ത്യയില്‍ സാംസങിന്റെ മൂന്ന് ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ചു

വോമി, ഓപ്പോ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്ക് പിന്നാലെ സാംസങും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ചു. ഗാലക്സി എ12, ഗാലക്സി എം02എസ്, ഗാലക്സി എഫ്02 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്ന് ഡിവൈസുകള്‍ക്കും 500 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില സാംസങിന്റെ ഇന്ത്യയിലെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സാംസങ് ഗാലക്സി എ12 സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോള്‍ 13,499 രൂപയാണ് വില നേരത്തെ ഈ ഡിവൈസിന് 12,999 രൂപയായിരുന്നു വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയായിരുന്നു വില, ഇപ്പോഴിത് 14,499 രൂപയായി ഉയര്‍ന്നു. ഗാലക്സി എം02എസ് സ്മാര്‍ട്ട്‌ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,499 രൂപയാണ് വില. 4 ജിബി റാമിനും 64 ജിബി സ്റ്റോറേജ് വേരിയന്റിനും 10,499 രൂപ വിലയുണ്ട്. സാംസങ് ഗാലക്സി എഫ്02എസ് സ്മാര്‍ട്ട്‌ഫോണിനും സമാന വിലയാണ് ഉള്ളത്.

സാംസങ് ഗാലക്‌സി എ12 സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഇന്‍ഫിനിറ്റി-വി എച്ച്ഡി + ഡിസ്പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ പി35 ചിപ്പിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. നാല് പിന്‍ ക്യാമറകളാണ് ഈ ഡിവൈസില്‍ ഉള്ളത്. 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പില്‍ ഉള്ളത്. 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഡിവൈസില്‍ ഉണ്ട്. 15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വണ്‍ യുഐയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

സാംസങ് ഗാലക്‌സി എം02എസ് സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് എച്ച്ഡി + സ്‌ക്രീനാണ് ഉള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് പിന്‍ ക്യാമറകളും ഈ ഡിവൈസില്‍ ഉണ്ട്. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍. 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പില്‍ ഉള്ളത്. 15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വണ്‍ യുഐയിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്.

സാംസങ് ഗാലക്സി എഫ്02എസ് സ്മാര്‍ട്ട്‌ഫോണ്‍ എം02എസ് സ്മാര്‍ട്ട്‌ഫോണിന് സമാനമായ ഫീച്ചറുകളുള്ള ഡിവൈസാണ്. കളര്‍ ഒപ്ഷനുകളിലാണ് ഈ ഡിവൈസുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളത്. സാംസങ് ഗാലക്സി എഫ്02എസ് സെറാമിക് വൈറ്റ്, സെറാമിക് ബ്ലാക്ക്, സെറാമിക് ബ്ലൂ എന്നീ നിറങ്ങളില്‍ വരുന്നു. ഗാലക്‌സി എം02എസ് ബ്ലാക്ക്, ബ്ലൂ, റെഡ് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.

 

Top