സാംസങ് ഡിസ്‌പ്ലേ എഞ്ചിനീയര്‍മാര്‍ക്ക് ക്വാറന്റൈന്‍,ഫോണുകള്‍ വൈകുമെന്ന് ആശങ്ക

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌പ്ലേ നിര്‍മ്മാതാക്കളായ സാംസങ് എഞ്ചിനീയര്‍മാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതോടെ അടുത്ത വര്‍ഷം വിവിധ കമ്പനികള്‍ വിപണിയിലിറക്കാനിരിക്കുന്ന ഫ്‌ളാഗ്ഷിപ് ഫോണുകള്‍ വൈകുമെന്ന് ആശങ്ക. സാംസങ് ഡിസ്‌പ്ലേയിലെ 700 എന്‍ജിനീയര്‍മാര്‍ക്കാണു വിയറ്റ്‌നാം ക്വാറന്റീന്‍ വിധിച്ചിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍, വാവെയ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ പ്രീമിയം ഫോണുകള്‍ക്കുള്ള ഡിസ്‌പ്ലേ നിര്‍മാതാക്കളായ സാംസങ് എല്ലാ വര്‍ഷവും ഈ സമയത്താണു ഡിസ്‌പ്ലേ എന്‍ജിനീയര്‍മാരെ വിയറ്റ്‌നാമിലെ ഫാക്ടറിയിലേക്ക് അയയ്ക്കുന്നത്.

കൊറിയയില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെ ഇവര്‍ ജോലിയില്‍ പ്രവേശിക്കുന്നത് വൈകുമെന്നാണ് സൂചന.ഇതു ഡിസ്‌പ്ലേ നിര്‍മാണത്തെയും ബാധിക്കുമെന്നാണ് ആശങ്ക. അതേസമയം, ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ള ഫോണുകളുടെ അടുത്ത പതിപ്പിനുള്ള ഡിസ്‌പ്ലേ നിര്‍മാണത്തിനെത്തിയ ഇവരെ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സാംസങ് വിയറ്റ്‌നാമിനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്.

Top