കര്‍ഷക സമരത്തിന്റെ ഭാവി ഇന്നറിയാം; സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഉടന്‍

ഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാവി നിശ്ചയിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഇന്ന് സിംഘുവില്‍. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനാല്‍ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷകസംഘടനകളുടെ അഭിപ്രായം.

മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ്, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങി ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. സമരത്തിനിടെ മരിച്ചവരുടെ കണക്ക് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരണത്തിലും, ആറിന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതിലും കര്‍ഷക സംഘടനകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്. താങ്ങുവില സംബന്ധിച്ച ഉന്നത സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുളള കേന്ദ്ര സര്‍ക്കാര്‍ ആവശ്യവും യോഗം ചര്‍ച്ച ചെയ്യും.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണങ്ങളുടെ കണക്കും കേന്ദ്രത്തിന് അറിയില്ല. കൊവിഡ് മരണങ്ങളില്‍ ഒളിച്ച് കളിച്ച സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യത്തിലും ഇതേ നിലപട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മരിച്ച കര്‍ഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കര്‍ഷക സമരത്തിനിടെ മരിച്ചവരുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം പറയുകയാണ്. മരിച്ച കര്‍ഷകര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണം. പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും രാഹുല്‍ ആരോപിച്ചു.

മരിച്ച കര്‍ഷകരുടെ പേരുവിവരങ്ങളും രാഹുല്‍ പുറത്തുവിട്ടു. മരിച്ച കര്‍ഷകരില്‍ 403 പേരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കി. 152 പേരുടെ കുടുംബങ്ങള്‍ക്ക് ജോലിയും നല്‍കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 100 കര്‍ഷരുടെ പേരുവിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു പട്ടിക തന്നെയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

Top