കൊച്ചി : വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയോട് മഞ്ജു വാര്യര്‍ ഗുഡ് ബൈ പറഞ്ഞതോടെ വെട്ടിലായ ദിലീപ് വിരുദ്ധര്‍ക്ക് വീണ്ടും തിരിച്ചടി.
ഡബ്ല്യു.സി.സിയോട് അനുഭാവം പുലര്‍ത്തിയിരുന്ന നടി സംയുക്ത വര്‍മ്മ, ജ്യോതിര്‍മയി എന്നിവരും ഇനി ഈ സംഘടനയോട് സഹകരിക്കേണ്ടതില്ലന്ന നിലപാടിലാണെന്നാണ് സൂചന.
ഡബ്ല്യു.സി.സി നിലപാടിന് അനുകൂലമായ പ്രസ്താവനയില്‍ ജോതിര്‍മയിയുടെ ഭര്‍ത്താവ് അമല്‍ നീരദ് ഒപ്പിട്ടിരുന്നുവെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല.
പൃഥ്വിരാജ് വിഭാഗവുമായി അടുപ്പമുണ്ടായിരുന്ന സംയുക്തയുടെ ഭര്‍ത്താവ് നടന്‍ ബിജുമേനോനും ‘അമ്മയെ’ തകര്‍ക്കാനുള്ള നീക്കത്തില്‍ പങ്കാളിയാവില്ലന്ന ഉറച്ച നിലപാടിലാണ്.
നേരത്തെ ഈ ‘തിരുത്തല്‍വാദികളുമായി’ അടുപ്പം പുലര്‍ത്തിയിരുന്ന യുവതാരങ്ങള്‍ ഒറ്റയടിക്ക് ഇപ്പോള്‍ പിന്‍മാറിയത് ദിലീപ് വിഭാഗത്തിന് വലിയ ആശ്വാസമായിട്ടുണ്ട്.
നിരപരാധിത്വം തെളിയും വരെ ദിലീപ് സംഘടനയിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും ‘അമ്മ’ക്കെതിരെ പ്രതിഷേധമുയര്‍ത്തിയ ഡബ്ല്യു.സി.സി നടപടിയാണ് അവര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുന്നത്.
മോഹന്‍ലാലിന്റെ കോലം കത്തിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയതിലും ശക്തമായ പ്രതിഷേധമാണ് താരങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.
സ്ത്രീകള്‍ ആണെന്ന് കരുതി ഏതാനും ചിലര്‍ എന്തും വിളിച്ചു പറയാന്‍ നിന്നാല്‍ ‘അമ്മ’യിലെ ബഹുഭൂരിപക്ഷം വരുന്ന നടിമാര്‍ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നാണ് ‘അമ്മ’യിലെ പെണ്‍പടയുടെ മുന്നറിയിപ്പ്.
ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കാത്തതിനാല്‍ പിന്നീട് ചേര്‍ന്ന ‘അമ്മ’ എക്‌സിക്യുട്ടീവ് മുന്‍ തീരുമാനം മരവിപ്പിച്ചിരുന്നുവെന്നും ഈ യോഗത്തില്‍ പൃഥ്വിരാജ്യം രമ്യ നമ്പീശനും പങ്കെടുത്തിരുന്നുവെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യം വ്യക്തമാക്കി നടന്‍ സിദ്ധിഖ് പരസ്യമായി പ്രതികരണം നടത്തിയത് ഡബ്ല്യു.സി.സിയെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായതിനെതുടര്‍ന്ന് ദിലീപിനെ താര സംഘടന അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി പൃഥ്വിരാജും രമ്യാനമ്പീശനും ഉള്‍പ്പെട്ട കമ്മറ്റി പിന്നീട് മരവിപ്പിച്ചതായ ഞെട്ടിക്കുന്ന വിവരമാണ് സിദ്ധിഖ് പുറത്തുവിട്ടത്.
ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് സംഘടനാ നടപടി ക്രമങ്ങള്‍ അനുസരിച്ചായിരുന്നില്ലന്നും വളരെ കുറച്ചുപേര്‍ ചേര്‍ന്ന് എടുത്ത തീരുമാനം മാത്രമായിരുന്നു അതെന്നും സിദ്ധിഖ് പറയുന്നു.
സംഘടനയുടെ ബൈലോ പ്രകാരം നിയമപരമായി ഒരു സാധുതയും ഇല്ലാത്ത തീരുമാനം പിന്നീട് ചേര്‍ന്ന യോഗം മരവിപ്പിക്കുകയായിരുന്നുവത്രേ.
ഈ കമ്മറ്റിയില്‍ അംഗങ്ങള്‍ ആയിട്ടും പൃഥ്വിരാജും രമ്യാ നമ്പീശനും അന്ന് ആ തീരുമാനത്തിന് എതിര് പറഞ്ഞിരുന്നില്ലന്നും ഇക്കാര്യം പുറത്ത് പറയാന്‍ ഇപ്പോഴും അവര്‍ തയ്യാറാവുന്നില്ലന്നും സിദ്ധിഖ് തുറന്നടിച്ചു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയേക്കാവുന്ന പ്രതികരണം അദ്ദേഹം നടത്തിയത്.
ഇപ്പോള്‍ ‘അമ്മ’ ജോ: സെക്രട്ടറിയായ സിദ്ധിഖ് നേരത്തെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം അടക്കം പങ്കെടുത്ത യോഗത്തില്‍ ഇത്തരമൊരു മിനുട്‌സ് ഉണ്ടെങ്കില്‍ ‘ക്രിമിനല്‍ ഗൂഢാലാചന’ ഇപ്പോള്‍ ദിലീപിനു നേരെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്.
അമ്മ ജനറല്‍ ബോഡിയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ശക്തമായി രംഗത്തു വന്നവരാണ് പൃഥ്വിരാജും രമ്യാനമ്പീശനും. ഇക്കാര്യത്തില്‍ പ്രകോപിതയായി റിമകല്ലിങ്കല്‍, ഭാവന എന്നിവര്‍ക്കൊപ്പം രമ്യാനമ്പീശന്‍ രാജി വയ്ക്കുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. മാധ്യമ ചര്‍ച്ചകളിലും ‘അമ്മ’ക്ക് എതിരായ നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്.
ഇതിനു ശേഷം വീണ്ടും ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യക്ക് ഒപ്പം ഡബ്ല്യൂ.സി.സിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍വതി, രേവതി,പത്മപ്രിയ എന്നിവര്‍ ‘അമ്മ’ നേതൃത്വത്തിന് കത്തു നല്‍കുകയും ചെയ്തിരുന്നു.
ഈ കത്ത് അടുത്ത എക്‌സിക്യൂട്ടീവ് ചര്‍ച്ചചെയ്യാനിരിക്കെയാണ് ആദ്യ ‘വെടി’ പൊട്ടിച്ച് ഇപ്പോള്‍ സിദ്ധിഖ് രംഗത്ത് വന്നിരിക്കുന്നത്.
ദിലീപിനെതിരായ നടപടി മരവിപ്പിച്ച സമയത്ത് കാണിക്കാതിരുന്ന എതിര്‍പ്പ് ഇപ്പോള്‍ സംഘടിതമായി ഉയര്‍ത്തി സംഘടനയെ വെല്ലുവിളിക്കുന്നത് വകവെച്ച് കൊടുക്കാന്‍ പറ്റില്ലന്ന നിലപാടിലാണ് ‘അമ്മ’ യിലെ ബഹുഭൂരിപക്ഷം താരങ്ങള്‍ക്കുമുള്ളത്.
ഇനി ഒരു ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്താല്‍ അതില്‍ സംഘടിതമായി തന്നെ ഇതിനെതിരെ പ്രതികരിക്കാനാണ് അവരുടെ തീരുമാനം.
അതേസമയം നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ യോഗത്തില്‍ താനും പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് നടി രമ്യ നമ്പീശന്‍ പറഞ്ഞു. ആ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങള്‍ അറിഞ്ഞില്ലെന്നും രമ്യ പറഞ്ഞു.