അമേരിക്കയില്‍ ആപ്പിള്‍ സ്റ്റോര്‍ കൊള്ളയടിച്ചത് 12 മണിക്കൂറിനുള്ളില്‍ രണ്ട് തവണ

സാന്‍ ഫ്രാന്‍സിസ്‌ക്കോ: ഐഫോണ്‍ XS ന്റെ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടയില്‍ ആപ്പിള്‍ സ്റ്റോറില്‍ വന്‍ കൊള്ള. കാലിഫോര്‍ണിയയിലെ പലോ ആള്‍ട്ടോ ആപ്പിള്‍ സ്റ്റോറിലാണ് സംഭവം നടന്നത്. 12 മണിക്കൂറിനുള്ളില്‍ രണ്ട് തവണയാണ് സ്റ്റോര്‍ കൊള്ളയടിച്ചത്. സ്റ്റോറില്‍ നിന്നും പതിനായിരക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷണം പോയതായി സ്റ്റോര്‍ അധികാരികള്‍ പറഞ്ഞു.

ശനിയാഴ്ച്ച രാത്രി 7 മണിയോടെയാണ് സ്റ്റോര്‍ ആദ്യം കൊള്ളയടിക്കുന്നത്. ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് തുടങ്ങിയ വിവിധ മോഡലുകള്‍ ഉള്‍പ്പെടെ നാല് ലക്ഷം രൂപ വില മതിക്കുന്ന ഡെമോ ഐഫോണ്‍ മോഡലുകളാണ് മോഷണം പോയത്. ആദ്യ മോഷണത്തിന് തൊട്ടു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അടുത്ത മോഷണവും നടന്നു. രണ്ട് മോഷണങ്ങളില്‍ നിന്നുമായി ഏകദേശം 77 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് സ്റ്റോറില്‍നിന്നും മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.

മോഷണത്തിനുശേഷം പ്രതികള്‍ വ്യത്യസ്ത വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

Top