തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.
ഡിവൈഎസ്പിക്കെതിരായ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എസ്പി അന്റണിക്കാണ് അന്വേഷണ ചുമതല. വകുപ്പുതല അന്വേഷണത്തിന്റെ ചുമതല എഐജി വിമലിനാണ്. അന്വേഷണ ടീം രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എത്രയും വേഗം അന്വേഷണം ആരംഭിക്കുമെന്നും എസ്പി ആന്റണി പറഞ്ഞു.
ഡിവൈഎസ്പിയുമായി റോഡില്‍ വെച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെയാണ് യുവാവ് വാഹനമിടിച്ച് മരിച്ചത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്.
അതേസമയം സനല്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരമാസകലം ക്ഷതമേറ്റിരുന്നു. വാരിയെല്ലും കൈയും ഒടിഞ്ഞു. സനലിന്റെ തുടയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വാഹനമിടിച്ച് ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടാവുകയുെ ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നാണ് സൂചന.