ഹിമാലയന്‍ പര്‍വ്വതനിരകളിലൂടെയുള്ള ട്രക്കിംഗ്; കയറ്റത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

ലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കയറ്റം. ഇപ്പോഴിതാ അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വ്വതനിരകളിലൂടെയുള്ള ട്രെക്കിംഗിന്റെ കഥപറയുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പോസ്റ്ററില്‍ വേറിട്ട ട്രക്കിംഗ് വേഷത്തിലാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടുന്നത്. ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ തിരുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രു സെല്‍വരാജ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്. ചോലയിലൂടെ കലാസംവിധായകനായ ദിലീപ് ദാസാണ് കയറ്റത്തിലും കലാസംവിധാനം നിര്‍വ്വഹിച്ചിരുക്കുന്നത്.

ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് മറ്റൊരു സവിശേഷത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ അഹര്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് രതീഷ് ഈറ്റില്ലമാണ്.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top