സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

sanal murder

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം.

SANAL

നെയ്യാറ്റിന്‍കര സ്വദേശി സനലിനെ ഡിവൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് മനപൂര്‍വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെയാണ് വാഹനത്തിന്റെ മുമ്പിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാര്‍ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

ഹരികുമാറിനെതിരെ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു.

SANAL

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ഹരികുമാറിനെ സഹായിച്ച രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു. അനൂപ് കൃഷ്ണ ,തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സന്തോഷ് എന്നിവരായിരുന്നു പൊലീസിന്റെ പിടിയിലായിരുന്നത്.

അതേസമയം, പ്രതിയെ പിടികൂടാന്‍ പൊലീസ് അലംഭാവം കാണിക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് സനലിന്റെ ഭാര്യ ഇന്ന് ഏകദിന ഉപവാസസമരം നടത്താന്‍ ഇരിക്കെയാണ് ഹരികുമാറിന്റെ മരണവിവരം അറിയുന്നത്.

ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയായിരുന്നു തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിക്കാനിരുന്നത്. ദൈവത്തിന്റെ വിധി നടപ്പായെന്നാണ് മരിച്ച സനലിന്റെ കുടുംബം ഇതിനോട് പ്രതികരിച്ചത്.

Top