തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവും ഇവര്‍ താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലെ ഡ്രൈവര്‍ രമേശും കീഴടങ്ങി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇരുവരും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. തിങ്കാളാഴ്ച രാത്രി തമിഴ്‌നാട്ടില്‍ നിന്നെത്തിയ തങ്ങള്‍ ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ എത്തിച്ചെന്നും ചൊവ്വാഴ്ച ഹരികുമാര്‍ കീഴടങ്ങുമെന്നുമായിരുന്നു തീരുമാനമെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.
നെയ്യാറ്റിന്‍കര സ്വദേശി സനലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു ഡിവൈഎസ്പി ബി.ഹരികുമാര്‍. സനലിനെ ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ട് മനപൂര്‍വം കൊലപ്പെടുത്തിയത് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെയാണ് വാഹനത്തിന്റെ മുമ്പിലേക്ക് ഡിവൈഎസ്പി ബി.ഹരികുമാര്‍ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
അതേസമയം നെയ്യാറ്റിന്‍കരയിലെ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാര്‍ വിവിധ സ്ഥലങ്ങളില്‍ സുഹൃത്തുക്കളുടെ ഹോട്ടലുകളിലും മറ്റും മാറി താമസിച്ച് ഒളിവിലാണെന്നാണ് പൊലീസ് ധരിച്ചത്.