ഉരുള്‍പൊട്ടിയ സ്ഥലത്ത് കുന്നിടിച്ച് മണ്ണ് കടത്തി; സ്ഥലമുടമയ്ക്ക് സ്റ്റോപ് മെമോ

തൃശ്ശൂര്‍: തൃശ്ശൂര്‍ അകമലയില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് മണ്ണ് മാഫിയ കുന്നിടിച്ച് മണ്ണ് കടത്തിയ സംഭവത്തില്‍ സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ. സംഭവത്തില്‍ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്നാണ് മണ്ണ് മാഫിയ കുന്നിടിച്ച് ടണ്‍ കണക്കിന് മണ്ണ് കടത്തിയത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തി.

സംഭവം വിവാദമായതോടെ റവന്യു അധികൃതര്‍ വന്ന് പരിശോധിക്കുകയും, തുടര്‍ന്ന് സ്ഥലമുടമ പരുത്തിപ്പറ സ്വദേശി ഫിറോസിന് സ്റ്റോപ്പ് മെമോ നല്‍കുകയുമായരുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മണ്ണെടുപ്പ് എന്ന് അധികൃതര്‍ വ്യക്തമാക്കി. മണ്ണെടുക്കാന്‍ ജിയോളജി വകുപ്പില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ അനുവാദം വാങ്ങിയിരുന്നില്ല. രാത്രി 10 മണിമുതല്‍ പുലര്‍ച്ചെ വരെ ജെസിബിയും ട്രക്കുകളും ഉപയോഗിച്ചാണ് മണ്ണ് കടത്തിയത്.

Top