കൊച്ചിയില്‍ വന്‍ കള്ളക്കടത്തു വേട്ട, ആനക്കൊമ്പുകളും മാന്‍കൊമ്പുകളും പിടികൂടി

elephant

കൊച്ചി: കൊച്ചി ജവഹര്‍ നഗറില്‍ ഉത്തരേന്ത്യക്കാരന്റെ വീട്ടില്‍ നിന്ന് വനം വകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകളും മാന്‍കൊമ്പുകളും പിടികൂടി.

18 ലിറ്റര്‍ വിദേശമദ്യവും അഞ്ചുകിലോഗ്രാം ചന്ദന ഉരുപ്പടികകളും ഇതിനൊപ്പം കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയ ആനക്കൊമ്പുകള്‍ക്കു ലക്ഷങ്ങള്‍ വിലവരും. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ മനീഷ് കുമാര്‍ ഗുപ്തയുടെ വീട്ടില്‍ നിന്നാണ് വനം വകുപ്പും ഫ്‌ളയിങ് സ്‌ക്വാഡും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് ഇവ പിടിച്ചെടുത്തത്.

അങ്കമാലി സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന നാട്ടാനയുടെ രണ്ടു കൊമ്പുകളാണ് കണ്ടെത്തിയത്. 56 വയസുള്ള ആനയുടേതാണ് കൊമ്പ്. ഇതു കൈവശം വയ്ക്കുന്നതിന് മനീഷ് ഗുപ്തയ്ക്ക് അനുമതിയൊന്നും ലഭിച്ചിട്ടില്ല. നാട്ടാനയുടേതായാലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമേ ആനക്കൊമ്പ് കൈവശം വയ്ക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കൂ. ഇതിന്റെ രേഖകളൊന്നും ഹാജരാക്കാന്‍ മനീഷ് ഗുപ്തയുടെ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഡിഎഫ്ഒ ജി.പ്രസാദ് പറഞ്ഞു.

മറയൂരില്‍ നിന്ന് എത്തിച്ചതാണ് ചന്ദനമുട്ടികള്‍. ഇതിന് അഞ്ചു കിലോയിലേറെ തൂക്കം വരും. ഉത്തരേന്ത്യയില്‍ കാണുന്ന ശിങ്കാരി മാനിന്റെ കൊമ്പും ഇയാള്‍ എന്തിനു സൂക്ഷിച്ചു എന്നത് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. ആനക്കൊമ്പ് വില്‍പ്പനയില്‍ മറ്റു കണ്ണികള്‍ ഉണ്ടോ എന്നതും അന്വേഷിക്കുന്നു. മനീഷ് ഗുപ്ത കോയമ്പത്തൂരിലാണെന്നാണ് വിവരം. ഇയാളുടെ ഭാര്യയും പിതാവും മാത്രമേ വീട്ടിലുള്ളൂ. അനധികൃതമായി ആനക്കൊമ്പും മറ്റും സൂക്ഷിച്ചതിന് മനീഷ് ഗുപ്തയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

Top