ചന്ദനമാഫിയക്കും ഒത്താശ; എന്‍.ടി. സാജനെതിരേയുളള മുന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ഈട്ടിക്കൊള്ള കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്ന ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന് നേരത്തെയും സമാനമായ കേസില്‍ പങ്കുള്ളതായി വിജിലന്‍സ് റിപ്പോര്‍ട്ട്.

2001ല്‍ കാസര്‍കോട് റേഞ്ച് ഓഫീസര്‍ ആയിരിക്കെ നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് എന്‍.ടി.സാജനെതിരെയുള്ള കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചന്ദനത്തൈല ഫാക്ടറികള്‍ക്ക് വഴിവിട്ട സഹായം ചെയ്തുവെന്ന റിപ്പോര്‍ട്ട് കാസര്‍കോട് യൂണിറ്റാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രമുഖ മാധ്യമത്തിന് ലഭിച്ചു. കാസര്‍കോട്ടെ ഏഴ് അനധികൃത ചന്ദനത്തൈല ഫാക്ടറികള്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയില്‍ എന്‍.ടി.സാജന്റേയും പേരുണ്ട്. ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷം നടന്ന വകുപ്പുതല അന്വേഷണവും നടന്നിരുന്നു. എന്നാല്‍ കാര്യമായ നടപടികള്‍ ഉണ്ടായില്ല. 15 കോടി രൂപയുടെ ഈട്ടിത്തടി കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനാണ് എന്‍.ടി.സാജന്‍.

കേസിലെ പ്രതികളെ സാജന്‍ സഹായിച്ചെന്നാണ് ഇപ്പോഴത്തെ ആരോപണം. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജനെ ഫോറസ്റ്റ് വിജിലന്‍സ് ഉത്തരമേഖലാ കണ്‍സര്‍വേറ്ററാക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ട് ഇത് തടഞ്ഞിരുന്നു.

 

Top