ന്യൂഡല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെത്തുടര്‍ന്ന് ചന്ദ കൊച്ചാര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഇടക്കാലത്തേയ്ക്ക് പുതിയ സിഇഒയെ നിയമിക്കാന്‍ ഐസിഐസിഐ ബോര്‍ഡ് യോഗം തീരുമാനിച്ചു.
ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗം സി.ഇ.ഒ ആയ സന്ദീപ് ബക്ഷിയാകും ബാങ്കിന്റെ ഇടക്കാല സി.ഇ.ഒ. 2010 ഓഗസ്റ്റിലാണ് ബക്ഷി ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ സി.ഇ.ഒ. സ്ഥാനം ഏറ്റെടുക്കുന്നത്. അതിനു മുമ്പ് കമ്പനിയുടെ റീട്ടെയല്‍ വിഭാഗത്തിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ആയിരുന്നു.
1986ല്‍ ഐസിഐസിഐ ബാങ്കിന്റെ ഡല്‍ഹി നോര്‍ത്തേണ്‍ സോണല്‍ ഓഫീസില്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓഫീസറായി തുടക്കം കുറിച്ചു. ബിസിനസ് ഡെവലപ്‌മെന്റ്, പ്രോജക്ട് അപ്രൈസലുകള്‍, പ്രോജക്ട് മോണിറ്ററിംഗ്, ബിസിനസ് റീസ്ട്രക്ചറിംഗ് തുടങ്ങിയവയായിരുന്നു ആദ്യ പ്രവര്‍ത്തനമേഖലകള്‍. 1996ല്‍ ഐസിഐസിഐ ബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മാറി. 2002ല്‍ ഐസിഐസിഐ ലൊംബാര്‍ഡില്‍ പ്രവേശിച്ചു.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌സ് മാനേജ്‌മെന്റ് കമ്പനി ചെയര്‍മാന്‍, ഐസിഐസിഐ ഹോം ഫിനാന്‍സ് കമ്പനി ചെയര്‍മാന്‍, ഐസിഐസിഐ സെക്യൂരിറ്റീസ് ഡയറക്ടര്‍ തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ സബ്‌സിഡിയറി സ്ഥാപനമായ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി 2010 മുതല്‍ സേവനമനുഷ്ഠിക്കുന്നതിനിടെയിലാണ് പുതിയ നിയമനം.