അക്രമത്തിനു പിന്നില്‍ ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്‍മാര്‍: ബിജെപി

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ മിന്നല്‍ മുരളിയുടെ, കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് സന്ദീപ് ജി വാര്യര്‍. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്‍മാരാണ് അക്രമത്തിനു പിന്നിലെന്നും ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ലോക്ക് ഡൗണ്‍ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാല്‍ എടുത്തു മാറ്റുന്ന ഒരു താല്‍ക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്‍മാരാണ് അക്രമത്തിനു പിന്നില്‍. ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ വര്‍ഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താല്‍ക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകര്‍ത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്.

എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

Top