തിരുവല്ല: സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. അതിനിടെ അഞ്ചാം പ്രതി അഭിയുടേതെന്ന് കരുതുന്ന ടെലിഫോണ്‍ സംഭാഷണവും പുറത്തായി.
മുഖ്യപ്രതി ജിഷ്ണു അടക്കം അഞ്ച് പേര്‍ അറസ്റ്റിലായെങ്കിലും കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളുടെ ഫോണ്‍ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളുമടക്കം പരിശോധിച്ച് വ്യക്തത വരുത്താനാണ് ശ്രമം.
ജിഷ്ണുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വിരോധവും മുന്‍വൈരാഗ്യവുമാണ് കൊലക്ക് കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം അഞ്ചാം പ്രതി അഭിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കൊലനടത്തിയത് താനടക്കമുള്ളവരാണെന്നാണ് ശബ്ദരേഖയുടെ ഉള്ളടക്കം.
റിമാന്‍ഡിലുള്ള അഞ്ച് പ്രതികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ തെളിവെടുപ്പിന് കൊണ്ടുപോകും.