തിരുവല്ല: സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാര്‍ വധക്കേസില്‍ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ ഉള്‍പ്പടെ കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി അറിയാന്‍ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികള്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 8 ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കൃത്യത്തിന് ശേഷം ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും കേസില്‍ പ്രതി ചേര്‍ക്കും. അഞ്ചാം പ്രതി വിഷ്ണു കുമാറിന്റേതെന്ന് സംശയിക്കുന്ന കൊലപാതക വിവരങ്ങള്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ക്വട്ടേഷന്‍ നേതാക്കളുടെ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടായെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയുടെ ആധികാരികത പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവല്ല, ചങ്ങനാശേരി, കോട്ടയം മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ നിരീക്ഷണത്തിലാണ്.