നിങ്ങളുടെ മകന്റെ ‘മിര്‍സാപുര്‍ എന്ന സീരീസ് കണ്ട് ഛര്‍ദ്ദിക്കാന്‍ തോന്നി, ജാവേദ് അക്തറിനെതിരെ സന്ദീപ് റെഡ്ഡി വാംഗ

2023 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. രശ്മിക മന്ദാനയാണ് നായികയായെത്തിയത്. ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഗാനരചയിതാവും നടനും സഹസംവിധായകനുമായ സ്വാനന്ദ് കിര്‍കിരേ, ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട്, കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് എം.പിയുമായ രന്‍ജീത് രഞ്ജന്‍ തുടങ്ങിയവരാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ സംവിധായകന്‍ അനുരാഗ് കശ്യപ്, ഗായകന്‍ അദ്‌നന്‍ സമി തുടങ്ങിയവര്‍ ചിത്രത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങളാണ് പങ്കുവച്ചത്.

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ അനിമലിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. സമൂഹം കൈയടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ യുവസംവിധായകര്‍ക്ക് ഒരു പരീക്ഷണ സമയമാണെന്ന് താന്‍ വിശ്വസിക്കുന്നു. പുരുഷന്‍ സ്ത്രീയോട് ചെരുപ്പ് നക്കാന്‍ ആവശ്യപ്പെടുന്ന സിനിമയുണ്ടെങ്കില്‍, സ്ത്രീയായത് കൊണ്ട് തല്ലിയാലും കുഴപ്പമില്ലയെന്ന് പുരുഷന്‍ പറയുന്ന സിനിമ സൂപ്പര്‍ ഹിറ്റാണെങ്കില്‍ വളരെ അപകടകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അനിമലില്‍ രണ്‍ബീറിന്റെ കഥാപാത്രം കാമുകിയോട് ഷൂ നക്കാന്‍ ആവശ്യപ്പെടുന്ന രംഗമുണ്ട്. സിനിമയില്‍ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ജാവേദ് അക്തറിന്റെ വിമര്‍ശനത്തോട് ഇപ്പോള്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി. ജാവേദ് അക്തറിന്റെ മകനും നടനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ നിര്‍മിച്ച മിര്‍സാപുര്‍ എന്ന വെബ് സീരീസിനെ കടന്നാക്രമിച്ചായിരുന്നു സന്ദീപ് റെഡ്ഡിയുടെ മറുപടി. ജാവേദ് അക്തര്‍ സിനിമ കണ്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും മറ്റൊരാളുടെ കലാസൃഷ്ടിയ്ക്ക് മേല്‍ കല്ലെറിയുന്നവര്‍ സ്വന്തം പശ്ചാത്തലം പരിശോധിക്കണമെന്നും സന്ദീപ് റെഡ്ഡി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ‘മിര്‍സാപുര്‍ എന്ന സീരീസ് നിര്‍മിക്കുമ്പോള്‍ എന്തുകൊണ്ട് ജാവേദ് അക്തര്‍ സ്വന്തം മകനോട് (ഫര്‍ഹാന്‍ അക്തര്‍) ഇതൊന്നും പറഞ്ഞില്ല. ആ സീരീസില്‍ ഉടനീളം മോശം ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഞാനത് മുഴുവന്‍ കണ്ടിട്ടില്ല. തെലുഗിലേക്ക് മൊഴിമാറ്റിയ, ആ ഷോ കണ്ടാല്‍ നിങ്ങള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നും. എന്തുകൊണ്ട് ജാവേദ് സ്വന്തം മകന്റെ സൃഷ്ടികള്‍ പരിശോധിക്കുന്നില്ല.”- സന്ദീപ് റെഡ്ഡി പറഞ്ഞു.

Top