പാര്‍ട്ടിക്കൊപ്പം; ഹലാല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ച് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ഹലാല്‍ വിവാദത്തില്‍ കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ മുക്കി. പാരഗണ്‍ ഹോട്ടലിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് താന്‍ പോസ്റ്റിട്ടതെന്നും അതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ സ്ഥിതിക്ക് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ പഴയ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹലാല്‍ ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെ അതിനെ തള്ളുന്ന തരത്തില്‍ സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണം സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നതിനൊപ്പം സാമ്പത്തിക അടിത്തറയും തകര്‍ക്കുമെന്ന് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഹോട്ടല്‍ ഏത് മതക്കാരുടെ ഉടമസ്ഥതയില്‍ ആയാലും അതിനെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടാവുമെന്നും ഹോട്ടല്‍ നഷ്ടത്തിലാവുമ്പോള്‍ അതൊരു വിഭാഗത്തെ മാത്രമല്ല ബാധിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് വ്യാപക വിമര്‍ശനം വന്നതോടെയാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു. ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്ഥന്‍ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടത്.
(ലിങ്ക് താഴെ)

എന്നാല്‍ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പറഞ്ഞ സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു.

Top