ചൈനയ്‌ക്കെതിരായ സൗഹൃദ മത്സരം; ഛേത്രിയ്ക്ക് പകരക്കാരനായി സന്ദേശ് ജിംഗന്‍

ന്യൂഡല്‍ഹി: ചൈനയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ പ്രതിരോധനിരയില്‍ ഛേത്രിക്കു പകരം സന്ദേശ് ജിംഗനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു ക്യാപ്റ്റന്മാരെ മാറി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് സൂചന. കോച്ചിന്റെ മനോഭാവം ക്യാപ്റ്റനിലൂടെയാണ് പ്രതിഫലിക്കുകയെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ജിംഗന്‍ നാലുവര്‍ഷമായി തനിക്കു കീഴില്‍ കളിക്കുന്നു. തികഞ്ഞ പോരാളിയാണ് അദ്ദേഹം. തന്റെ എല്ലാം കളിക്കളത്തില്‍ നല്‍കാന്‍ ജിംഗന്‌ കഴിയുന്നുണ്ട്. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ താരത്തിന് കഴിയുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

ചൈനയ്ക്കെതിരെ തങ്ങളുടെ മുഴുവന്‍ കരുത്തും പുറത്തെടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ജിംഗന്‍ പറഞ്ഞു. ഇതിന് മുന്‍പ് നടന്ന 17 മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. 12 മത്സരങ്ങളില്‍ ജയിച്ച ചൈനയ്ക്കു തന്നെയാണ് മേധാവിത്വം. 2006ല്‍ ഇറ്റലിയെ ലോക ചാമ്പ്യന്മാരാക്കിയ മാഴ്സലോ ലിപ്പിയാണ് ചൈനയുടെ പരിശീലകന്‍.

Top