കൊച്ചി: ഒരു നിർമ്മാതാവ് എന്ന നിലയിൽ വിഷമം തോന്നിയ ചിത്രമാണ് മോഹൻലാൽ നായകനായ പെരുച്ചാഴി എന്ന് സാന്ദ്രാ തോമസ്. കുറച്ചു കൂടി നല്ല കഥയാകാമായിരുന്നുവെന്നും കുറച്ചു കൂടി മുടക്ക് മുതൽ കിട്ടണം എന്ന് തോന്നിയിട്ടുണ്ടെന്നും സാന്ദ്ര പെരുച്ചാഴി സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടു. പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടായിരുന്നുവെന്നും സ്‌ക്രിപ്റ്റ് നല്ലതായിരുന്നില്ലെന്നും സാന്ദ്ര ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഒരു നിർമ്മാതാവ് എന്ന നിലയിൽ ഭയങ്കര വിഷമം തോന്നിയ ചിത്രമാണ് പെരുച്ചാഴി. ഫ്രൈഡേ ഫിലിം ഹൌസ് എന്ന ബ്രാൻഡ് ഉണ്ടാക്കിയത് ആ ചിത്രമാണ്. ആ ചിത്രത്തിന്റേത് കുറച്ചു കൂടി നല്ല കഥയാകാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടായിരുന്നു.
ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കുക എന്ന രീതിയിൽ അത് ചെയ്‌തേ പറ്റൂ എന്ന് തോന്നിയതുകൊണ്ടാണ് പെരുച്ചാഴി ചെയ്യാൻ തീരുമാനിച്ചത്. പെരുച്ചാഴി ആളുകൾക്ക് വർക്കായിരുന്നില്ല. സക്കറിയുടെ ഗർഭിണികൾ, ഫ്രൈഡേ, മങ്കിപെൻ എന്നീ ചെറിയ ചിത്രങ്ങൾ ചെയ്തിട്ട് ഈ ചിത്രം ചെയ്യണോ എന്ന് കൺഫ്യൂഷനും എനിക്കുണ്ടായിരുന്നു’ സാന്ദ്ര തോമസ് പറഞ്ഞു.
ചെയ്ത ഒരു ചിത്രം പോലും തനിക്ക് നഷ്ടം വരുത്തിയിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു. നഷ്ടം വരുത്തിക്കൊണ്ട് സിനിമ ചെയ്യരുതെന്ന് ഈ ഫീൽഡിലേക്ക് വന്നപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. എനിക്കിതുവരെ നഷ്ടം വന്നിട്ടില്ല. പക്ഷെ പ്രോഫിറ്റ് കുറച്ച് മാത്രം കിട്ടിയ ചിത്രങ്ങളുണ്ട്. പടം എങ്ങനെ വിൽക്കണം എന്ന് എനിക്ക് നന്നായിട്ട് അറിയാമെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുകയാണ് സാന്ദ്രാ. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന “നല്ല നിലാവുള്ള രാത്രി” കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
അരുൺ വൈദ്യനാഥൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി. ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സീൻ ജെയിംസ് സട്ടൺ, രാഗിണി നന്ദ്വാനി , മുകേഷ് , ബാബുരാജ് , അജു വർഗീസ് , വിജയ് ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.