Sandra Thomas Vijay Babu police case statements

കൊച്ചി: ചലച്ചിത്ര നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നല്‍കിയ കേസില്‍ സാന്ദ്ര ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലെ ഡോക്ടര്‍, ഫ്രൈഡേ ഫിലിം ഹൗസിലെ ജീവനക്കാര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഇരുവരും ബിസിനസ് പങ്കാളികളായ ഫ്രൈഡേ ഫിലിം ഹൗസിന്റെ കലൂര്‍ പൊറ്റക്കുഴിയിലെ ഓഫിസിലെ മുറിയില്‍ വെച്ച് വിജയ് ബാബു മര്‍ദിച്ചെന്ന സാന്ദ്ര തോമസിന്റെ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്.

ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് മര്‍ദിക്കുകയും ചെയ്‌തെന്നാണു സാന്ദ്ര നല്‍കിയ മൊഴി. വിജയ് ബാബുവിനെ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്.

വിവാഹത്തോടനുബന്ധിച്ചു സാന്ദ്ര ഫ്രൈഡേ ഫിലിംഹൗസില്‍ നിന്ന് വിട്ടുനിന്ന കാലയളവില്‍ സാമ്പത്തിക തിരിമറി നടന്നുവെന്നും നഷ്ടം സംഭവിച്ചുവെന്നുമാണു സാന്ദ്രയുടെ ആരോപണം. ബിസിനസ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നു കുറച്ചുനാളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

Top