ആരെ ബോധിപ്പിക്കാനാണ് യുഡിഎഫ്-എല്‍ഡിഎഫ് സംയുക്ത ഹര്‍ത്താല്‍?; സംഗീത ലക്ഷ്മണ

harthal

കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്ന് നടത്തുന്ന ഹര്‍ത്താലിനെ വിമര്‍ശിച്ച് സംഗീത ലക്ഷ്മണ. സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംയുക്ത ഹര്‍ത്താല്‍ നടത്തുന്നത് ആരെ ബോധിപ്പിക്കാനാണെന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു. പൊതുജനത്തിനെ ബുദ്ധിമുട്ടിപ്പിക്കാമെന്നല്ലാതെ യാതൊരു പ്രയോജനമില്ലെന്നും സംഗീത ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പെട്രോള്‍-ഡീസൽ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസിന്‍റെ ഭാരത് ബന്ദ് പോലും. സംസ്ഥാനത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ് വക സംയുക്ത ഹർത്താൽ പോലും.
ഇതൊക്കെ ആരെ ബോധിപ്പിക്കാൻ? എന്നിറ്റ് ഇവനെയൊക്കെ കൊണ്ട് പെട്രോളിനും ഡീസലിനും വില കുറപ്പിച്ചെടുക്കാൻ പറ്റുന്നുണ്ടോ? ഇല്ല. വെറുതെ നമ്മള് പൊതുജനത്തിനെ ബുദ്ധിമുട്ടിക്കാമെന്നതല്ലാതെ മറ്റെന്ത്? പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്ന് പറയാനുള്ളത് പറയാനും ചെയ്യാനുള്ളത് ചെയ്യാനും നിയമനിർമ്മാണ സഭകളുടെ സമ്മേളനങ്ങൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതെങ്ങനാ? സമ്മേളനം തുടങ്ങാൻ കാത്തിരിക്കുന്നത് പോലെയാണ് നമ്മുടെ പ്രതിപക്ഷം സഭയിൽ നിന്നുള്ള ഇറങ്ങിപ്പോക്കും വാക്കൗട്ടും നടത്തുന്നത്. അങ്ങനെ ഇറങ്ങിപ്പോക്കും വാക്കൗട്ടും നടത്തുന്ന ദിവസം ശമ്പളം വേണ്ട എന്ന് വെക്കുന്നുണ്ടോ നമ്മുടെ പ്രതിപക്ഷസമാജികര്? അതും ഇല്ല.
ദിവസക്കൂലിയിനത്തിൽ ജോലി ചെയ്യുന്നതും പൊതുയാത്രാ സംവിധാനങ്ങളുടെ ഉപഭോക്താക്കളുമായ സാധാരണക്കാര് ജനത്തിന്റെ നെഞ്ചത്ത് കയറി നിന്ന് കൊണ്ടാണല്ലോ ഈ വേഷംകെട്ടുകൾ ഇവന്മാര് കാണിച്ചു കൂട്ടുന്നത് മുഴുവൻ?
ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന തരം ഭരണകൂടത്തെയാണ് ലഭിക്കുക എന്നാണ്. ഇതിപ്പോ നമ്മൾ അതുക്കും മേലേ… ഒരു നല്ല പ്രതിപക്ഷ കൂട്ടത്തെയും നമ്മൾ അർഹിക്കുന്നില്ലെന്നോ???
# ഫീലിംഗ്: ആരോട് പറയാൻ? ആര് കേൾക്കാൻ?

Top