മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം പല തവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മുന്‍പ് അമിത് ഷായുമായുള്ള ചര്‍ച്ചക്ക് തൊട്ടു മുന്‍പാണ് താരം പിന്‍വലിഞ്ഞിരുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും ലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും ഒന്നും സംഭവിച്ചില്ല. താരം മൗനം തുടരുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ശക്തമായ സമ്മര്‍ദ്ദം മോഹന്‍ലാലിന് മേലുണ്ട്. ആര്‍.എസ്.എസ് നേതൃത്വമാണ് താരത്തെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് നിന്നും മത്സരിക്കണമെന്ന താല്‍പ്പര്യം ബി.ജെ.പി ദേശീയ നേതൃത്വത്തിനുമുണ്ട്. തമിഴ്നാട്ടില്‍ രജിനിയെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നതും കാവിപ്പട തന്നെയാണ്. ഈ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും സംസ്ഥാന വിധിയെഴുത്ത് മാറ്റിമറിക്കാനുള്ള ശേഷിയുണ്ടെന്നാണ് ആര്‍.എസ്.എസ് നേതൃത്വം കരുതുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും ഇത്തവണ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക ആര്‍.എസ്.എസ് നേതൃത്വമായിരിക്കും.
ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും അധികം ശാഖകള്‍ ഉള്ളത് കേരളത്തിലാണ്. ശബരിമല വികാരം വോട്ടാക്കാനാണ് പരിവാര്‍ നീക്കം. ഇതിനായി ഒരു കര്‍മ്മപദ്ധതിക്ക് തന്നെ രൂപം കൊടുക്കാനാണ് ആലോചന. ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ രാജഗോപാല്‍ ഇത്തവണ മത്സരിക്കില്ല. നേമത്ത് പകരം ആര്‍.എസ്.എസ് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്കാണ് സീറ്റ് നല്‍കുക. കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും വിജയ സാധ്യതയുള്ളവരെയാണ് പരിഗണിക്കുക. പാര്‍ട്ടിയിലെ പദവികള്‍ മത്സരിക്കാന്‍ യോഗ്യതയല്ലന്നതാണ് സംഘം നിലപാട്. ഇത് ബി.ജെ.പി നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.
മോഹന്‍ലാലിന് പുറമെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിവാര്‍ നേതൃത്വം ആലോചിക്കുന്നുണ്ട്. സുരേഷ് ഗോപിയും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. മോഹന്‍ലാല്‍ നിലവില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് നേതൃത്വവുമായി സഹകരിക്കുന്നുണ്ട്. സേവാഭാരതിയുടെ പ്രവര്‍ത്തനത്തിലും അദ്ദേഹം പങ്കാളിയാണ്. ഈ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്.
മമ്മൂട്ടിയെ പരിഗണിക്കാതെ പത്മഭൂഷണ്‍ ലാലിന് നല്‍കിയത് മുമ്പ് ഏറെ വിവാദമായിരുന്നു. മമ്മൂട്ടിക്കില്ലാത്ത എന്ത് അധിക യോഗ്യതയാണ് മോഹന്‍ലാലിന് ഉള്ളതെന്ന ചോദ്യമാണ് അന്ന് ഉയര്‍ന്നിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ പരിഗണനയെല്ലാം രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നാണ് സി.പി.എമ്മും കോണ്‍ഗ്രസ്സും വിലയിരുത്തുന്നത്. പ്രത്യക്ഷ നിലപാട് ലാല്‍ സ്വീകരിക്കും വരെ പ്രതികരിക്കേണ്ടതില്ലന്നാണ് ഈ പാര്‍ട്ടികളുടെയെല്ലാം നിലപാട്. ലാലിനെ ആശങ്കപ്പെടുത്തുന്നതും ഈ നിലപാട് തന്നെയാണ്.
ആനക്കൊമ്പ് കേസില്‍ നിന്നും ഇതുവരെ വിടുതല്‍ മോഹന്‍ലാലിന് കിട്ടിയിട്ടില്ല. മാത്രമല്ല രാഷ്ട്രീയ എതിരാളിയായാല്‍ സിനിമയിലെ അണിയറക്കഥകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടും. ഒരു വിവാദ നായകനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തോട് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ‘എല്ലാം’ തങ്ങള്‍ നോക്കിക്കൊള്ളാം എന്ന ഉറപ്പാണ് പരിവാര്‍ നേതൃത്വം ലാലിന് നല്‍കിയിരിക്കുന്നത്. ഈ ഉറപ്പില്‍ ലാല്‍ വീണാല്‍ അദ്ദേഹം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.
ലാലിന്റെ സാന്നിധ്യം മറ്റു മണ്ഡലങ്ങളിലും പ്രതിഫലിച്ചാല്‍ നേട്ടമാകുമെന്നാണ് ബി.ജെ.പി നേതൃത്വവും കരുതുന്നത്. അതേസമയം മോഹന്‍ലാലിന് അഭിനയം മടുത്ത് തുടങ്ങിയതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. സ്വരം മോശമാകും മുന്‍പ് പാട്ട് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് അദ്ദേഹം അടുപ്പക്കാരോട് വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇനി തിയറ്റര്‍ തുറന്നാല്‍ പോലും പഴയപോലെ ജനങ്ങളുടെ ഒഴുക്ക് വരാനുള്ള സാധ്യതയും കുറവാണ്. ഇതും മോഹന്‍ലാല്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും പരിമിതികള്‍ ഏറെയാണ്. സൂപ്പര്‍ താരങ്ങളാണ് ഇക്കാര്യത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നത്. അവരുടെ താരപ്പകിട്ടിന് മീതെ കൂടിയാണ് വൈറസുകള്‍ കരിനിഴല്‍ പടര്‍ത്തിയിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ ലാല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ അത് രാജ്യത്ത് വലിയ വാര്‍ത്താ പ്രാധാന്യവും നേടും. മലയാളികളുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ മാറ്റു കൂടിയാണ് ഇവിടെ പരിശോധിക്കപ്പെടുക.