മണിപ്പൂരിലെ വംശീയകലാപത്തേടെ പ്രതിരോധത്തിലായ ബി.ജെ.പിയും സംഘപരിവാർ സംഘടനകളും അതിനെ പ്രതിരോധിക്കാൻ തന്ത്രപരമായ നീക്കമാണിപ്പോൾ രാജ്യത്ത് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ കിട്ടുന്ന ഒരവസരവും ഒരിടത്തും പാഴാക്കരുതെന്നാണ് വിവിധ സംസ്ഥാന ഘടകങ്ങൾക്ക് പരിവാർ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ തുടർച്ചയായാണ് കേരള സ്പീക്കർ എ.എൻ ഷംസീറിനെതിരെയും അവരിപ്പോൾ സംഘടിതമായി കടന്നാക്രമണത്തിന് തുനിഞ്ഞിരിക്കുനത്. ഹൈന്ദവദൈവങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ച് സി.പി.എം നേതാവുകൂടിയായ എ എൻ ഷംസീറിനെതിരെ രാജ്യ വ്യാപകമായാണ് പരിവാർ പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിനു അകത്തും പുറത്തും ഷംസീറിനെതിരെ പ്രതിഷേധം ഉയർത്താനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായി കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും കേസ് കൊടുക്കാനാണ് പരിവാർ സംഘടനയായ വിശ്വഹിന്ദു പരിക്ഷത്ത് തീരുമാനിച്ചിരിക്കുന്നത്. എ.എൻ ഷംസീറിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ തിരുവനന്തപുരം കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. സ്പീക്കറെ അറസ്റ്റ് ചെയ്യണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇതോടെ പരിവാർ സംഘടനകൾക്ക് മറുപടിയുമായി ഇടതു പ്രൊഫൈലുകളും ഇപ്പോൾ സജീവമായിട്ടുണ്ട്.
സി. പി.എം. നേതാവ് കെ.ടി കുഞ്ഞിക്കണൻ ഉൾപ്പെടെയാണ് സംഘപരിവാറിനു മറുപടിയുമായി രംഗത്തു വന്നിരിക്കുന്നത്. “കേസ് കൊടുക്കുന്നതൊക്കെ മതരാഷ്ട്രവാദികളുടെ കുത്തിത്തിരിപ്പാണെന്നും അതൊക്കെ മുസ്ലിംവിരുദ്ധതയുടെ വംശീയവൈരത്തിൽ നിന്നും വരുന്ന സംഘിഭ്രാന്താണെന്നുമാണ് കെ ടി കുഞ്ഞിക്കണ്ണൻ തുറന്നടിച്ചിരിക്കുന്നത്. സംഘിക്കെന്ത് മിത്ത് ? എന്ത് ദൈവം..? എന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. ചരിത്രത്തെയും ശാസ്ത്രത്തെയും സംബന്ധിച്ച അജ്ഞതയുടെ തിരുമന്തൻ തലകളുമായി നടക്കുന്ന ഇവരോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യമൊന്നുമില്ലെന്നും കുഞ്ഞിക്കണ്ണൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
മിത്ത് എന്ന പ്രയോഗം ‘എങ്ങനെയാണപ്പാ’ ദൈവത്തെ അപമാനിക്കലാവുന്നതെന്ന് എത്രയാലോച്ചിട്ടും പിടികിട്ടുന്നില്ലന്നാണ് കുഞ്ഞിക്കണ്ണൻ പറയുന്നത്. “അപരമതവിരോധത്തിന്റെ” ഉന്മാദത്മകമായ വിദ്വേഷത്തിൽ പെട്ടുപോയവർക്ക് മിത്തും ദൈവവും അവ തമ്മിലുള്ള ബന്ധവും മാത്രമല്ല, അതൊക്കെ രൂപപ്പെട്ടു വന്ന ചരിത്രത്തെയും സംസ്കാരത്തെയുമൊക്കെ സംബന്ധിച്ച് അറിയണമെന്നില്ലന്നും സി.പി.എം. നേതാവ് തുറന്നു പറഞ്ഞിട്ടുണ്ട്. “ചാണകത്തിൽ പ്ലൂട്ടോണിയവും പൗരാണിക ഇന്ത്യയിൽ പ്ലാസ്റ്റിക്സർജറിയും കാണ്ഡകോശസിദ്ധാന്തവും എല്ലാം ഉണ്ടായിരുന്നെന്ന് പാടിനടക്കുന്നവരാണ് സംഘികളെന്നും” കുത്തിക്കണ്ണൻ പരിഹസിച്ചിട്ടുണ്ട്.
ഷംസീറിനെ ഹിന്ദുവിരുദ്ധനായും ഹിന്ദുദൈവങ്ങളെ അപമാനിച്ച ആളുമായി വരുത്തി തീർക്കാനുമുള്ള പ്രചാരണതന്ത്രത്തിന്റെ ഭാഗമാണ് അടിസ്ഥാനമില്ലാത്ത ഈ പരാതികളെല്ലാം എന്നതാണ് അദ്ദേഹത്തിന്റെ വാദം. ഇത് മുസ്ലിംവിരുദ്ധതയുടെ വംശീയവൈരത്തിൽ നിന്നും വരുന്ന സംഘിഭ്രാന്താണെന്ന ഗുരുതര ആരോപണവും കെ.ടി കുഞ്ഞിക്കണ്ണൻ ഉന്നയിച്ചിട്ടുണ്ട്. ഷംസീർ ഒരു ഹൈന്ദവത്തെയും അപമാനിച്ചിട്ടില്ലന്ന് ആവർത്തിച്ച് പറയുന്ന കുഞ്ഞിക്കണ്ണൻ ചരിത്രബോധത്തെ കുറിച്ച് അജ്ഞരായ സംഘികളുടെ ഹെയ്റ്റ് കാമ്പയിനാണ് ഇതെന്നാണ് വരുത്തി തീർക്കാൻ ശ്രമിച്ചിരിക്കുന്നത്.
“ഗണപതി ഭഗവാൻ ഉൾപ്പെടെ വേദേതിഹാസ കഥകളിലൂടെ അവതരിപ്പിക്കപ്പെട്ട എല്ലാ മിത്തുകളും പൗരാണിക ജനതയുടെ ദൈവങ്ങളായി തന്നെയാണ് അവതരിപ്പിക്കപ്പെട്ടതെന്നും ഗണ ഗോത്രകാലത്തെ മനുഷ്യരുടെ ഭക്ഷണശേഖരണം വനാന്തരങ്ങളിൽ നിന്നുള്ള കായും കനികളുമായിരുന്നു എന്നതും അദ്ദേഹം പരിവാറുകാരെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അതായത് പെറുക്കി തീനികാലഘട്ടത്തിൽ തങ്ങളുടെ ഭക്ഷണശേഖരണത്തിന് വിഘ്നം സൃഷ്ടിച്ച ആനകളെ ദൈവമാക്കിയ മനുഷ്യർ മന്ത്രവാദപരമായ അനുഷ്ഠാനങ്ങളിലുടെ പ്രീതിപ്പെടുത്തുകയും അതി ജീവനത്തിന്റെ വഴികൾ തേടുകയായിരുന്നു എന്നുമാണ് വിശദീകരണം.
ഇന്ത്യയുടെയും ലോകത്തിന്റെയും പ്രാക് ചരിത്രകാരന്മാർ ഇക്കാര്യങ്ങളെല്ലാം മുൻപു തന്നെ വ്യക്തമാക്കിയ കാര്യവും അദ്ദേഹം എഫ് ബി കുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയിൽ പല ഭാഗങ്ങളിലായി സാമൂഹ്യ ജീവിതത്തിന്റെ ആദ്യചുവടുകൾ വെച്ചു തുടങ്ങിയ മനുഷ്യർ തങ്ങളുടെ ജീവിതത്തിന് പ്രതികൂലമായ എല്ല പ്രകൃതി പ്രതിഭാസങ്ങളെയും ജന്തുക്കളെയും ദൈവങ്ങളാക്കി ആരാധിക്കുകയും അവ സൃഷ്ടിക്കുന്ന ഭയത്തെ അതിജീവിക്കാനുള്ള ദൈവ ചിന്താപദ്ധതികൾ ആവിഷ്ക്കരിക്കുകയുമായിരുന്നു എന്നും കുഞ്ഞിക്കണ്ണൻ വാദിക്കുന്നു.
ഈ ഭൂമുഖത്ത് ഇച്ഛാശക്തിയോടെ ജീവിക്കാനാണ് ആദ്യകാല മനുഷ്യർക്ക് മതവും ദൈവ ചിന്താപദ്ധതികളുമെല്ലാമെന്നാണ് മാർക്സ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ആ ചരിത്രത്തെയും സംസ്കാരത്തെയും അതിന്റെ രുപീകരണത്തിന്റെയും പരിണാമ വികാസ പ്രക്രിയയുടെയും അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിയാത്തവരുടെ വിദ്വേഷ തികട്ടലാണ് ഇമ്മാതിരി കുത്തിതിരുപ്പുകളും കേസുകളുമൊക്കെയെന്നു കൂടി ആഞ്ഞടിച്ചു കൊണ്ടാണ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കുഞ്ഞിക്കണ്ണൻ അവസാനിപ്പിച്ചിരിക്കുന്നത്.
സി.പി.എം നേതാവിന്റെ ഈ വിശദീകരണത്തിന് ഇടതു സൈബർ ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. എ.എൻ ഷംസീർ ഒരു കമ്യൂണിസ്റ്റുകാരനാണെന്നും, കമ്യൂണിസ്റ്റുകാർ ഏതെങ്കിലും വിഷയത്തെ സമീപിക്കുന്നതും ഇടപെടുന്നതും ഏതെങ്കിലും ജാതിയുടയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ലെന്നും ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് നിലവിൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. ആർ.എസ്.എസിന്റെ കായികപരമായ ആക്രമണങ്ങളെ ഉൾപ്പെടെ തെരുവിൽ പ്രതിരോധിച്ച ഷംസീറിനെ കേസ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടന്ന മുന്നറിയിപ്പാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നൽകിയിരിക്കുന്നത്.
അതേസമയം ആരാധനയുടെയും വിശ്വാസത്തിന്റെയും മേഖലയിൽ വർഗീയതയും തീവ്രവാദ പ്രസ്ഥാനങ്ങളും സജീവമായതിനാൽ ശക്തമായ പ്രതിരോധമുയർത്താൻ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. വിശ്വാസവും വർഗീയതയും രണ്ടാണെന്ന് കണ്ടുകൊണ്ടുള്ള പ്രചാരണം സംഘടിപ്പിക്കാനാണ് കീഴ് ഘടകങ്ങളോട് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്. സ്ത്രീകൾ, ദലിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെ അടിച്ചമർത്തുന്ന സാംസ്കാരിക ധാരകളെയും, മതത്തെയും ആണ് തങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ന രീതിയിൽ വ്യാജ പ്രതീതി സൃഷ്ടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികളെയും തുറന്നു കാട്ടാനും വിപുലമായ പ്രചരണ പരിപാടികൾക്കാണ് സി.പി.എം രൂപം നൽകിയിരിക്കുന്നത്.
EXPRESS KERALA VIEW