സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങള്‍ ഫേസ്ബുക്കിന്റെ അറിവോടെ; മുന്‍ ജീവനക്കാരി

ന്യൂയോര്‍ക്: ഫേസ്ബുക്കിനെ പിടിച്ചുകുലുക്കി ‘വിസില്‍ ബ്ലോവര്‍’ വീണ്ടും രംഗത്ത്. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരിയായ ഫ്രാന്‍സസ് ഹോഗനാണ് ഫേസ്ബുക്കിനെക്കുറിച്ച് അമേരിക്കന്‍ സെക്യൂരിറ്റി കമീഷന് പരാതി സമര്‍പ്പിച്ചത്. 2021 മെയ് വരെ ഫേസ്ബുക്കില്‍ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്തിരുന്നയാളാണ് ഫ്രാന്‍സസ് ഹോഗന്‍. ഇവരുമായുള്ള പ്രത്യേക അഭിമുഖം അമേരിക്കയിലെ പ്രമുഖമാധ്യമമായ സി.ബി.എസ് ന്യൂസ് തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്തു.

ഇന്ത്യന്‍ ഭരണകൂടവും ഫേസ്ബുക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹോഗന്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കുന്ന രാജ്യങ്ങളിലൊന്നായ ടയര്‍ സീറോ വിഭാഗത്തിലാണ് ഇന്ത്യയെ ഹോഗന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.എസും ബ്രസീലും മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.
ഇന്ത്യയിലെ കണ്ടന്റുകളില്‍ മുസ്‌ലിം വിരുദ്ധ ഉള്ളടക്കം കണ്ടെത്തിയിട്ടുണ്ടെന്നും അത് ആര്‍.എസ്.എസ് അനുകൂല ഗ്രൂപ്പുകളാണ് പ്രചരിപ്പിക്കുന്നതെന്നും ഫേസ്ബുകിന് കൃത്യമായി അറിയാമെന്ന് ഹോഗന്‍ പറഞ്ഞു.

മുസ്‌ലിംകളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന മനുഷ്യത്വവിരുദ്ധമായ കണ്ടന്റുകളും ഖുറാനിനെ അധിക്ഷേപിക്കുന്നതും ഇതിലുള്‍പ്പെടും. പക്ഷേ ഇന്ത്യയിലെ ഇത്തരം കണ്ടന്റുകള്‍ തടയുന്നതിനുള്ള സാങ്കേതിക സംവിധാനം ഫേസ്ബുക്കിനില്ല. അതുകൊണ്ട് തന്നെ അവര്‍ ഇക്കാര്യത്തില്‍ പരാജയമാണെന്ന് ഹോഗന്‍ ആരോപിച്ചു. ബി.ജെ.പി ഐ.ടി സെല്ലുകളുടെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചും ഹോഗന്‍ പരാമര്‍ശം ഉന്നയിച്ചിട്ടുണ്ട്.

ഇതിന് പുറമേ ഫേസ്ബുക്കിനെതിരെ നിരവധി ആരോപണങ്ങള്‍ ഹോഗന്‍ തെളിവുസഹിതം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുകിന് സുരക്ഷയേക്കാളും നോട്ടം ലാഭത്തിലാണെന്നും ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ആല്‍ഗരിതം ആളുകളെ അടിമകളാക്കുന്നതാണെന്നും ഹോഗന്‍ ആരോപിച്ചു. തിങ്കളാഴ്ച ലോകമെമ്പാടും ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും വാട്‌സ്ആപ്പിനും ‘തടസ്സം’ നേരിട്ടത് ഹോഗന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Top