താജ്മഹലിനടുത്ത് നിസ്‌കാരം പാടില്ലെന്ന് സംഘപരിവാര്‍ സംഘടന

tajmahal

ന്യൂഡല്‍ഹി: വെള്ളിയാഴ്ചകളില്‍ താജ്മഹലിനോട് ചേര്‍ന്നുള്ള നിസ്‌കാര പ്രാര്‍ഥന നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടന.

താജ്മഹലിലെ നിസ്‌കാരം നിരോധിക്കണമെന്നും ശിവപൂജ അനുവദിക്കണം എന്നും അഖില ഭാരതീയ സങ്കലന്‍ സമിതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

താജ്മഹല്‍ ഒരു ദേശീയ സ്മാരകമാണ്. അവിടെ എന്തിനാണ് മുസ്ലിംകളുടെ മതപരമായ ചടങ്ങുകള്‍ അനുവദിക്കുന്നതെന്നാണ് ആര്‍എസ്എസ് അനുകൂല സംഘടനയായ അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ സമിതിയുടെ ദേശീയ സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡേ ചോദിക്കുന്നത്. നിസ്‌കാരം അനുവദിക്കുകയാണെങ്കില്‍ താജ്മഹലില്‍ ഹിന്ദുക്കള്‍ക്ക് ശിവപൂജയ്ക്കും അവസരം നല്‍കണമെന്നും പാണ്ഡേ വ്യക്തമാക്കി.

താജമഹലിന്റെ സ്ഥാനത്ത് മുന്‍പ് ശിവക്ഷേത്രം ഉണ്ടായിരുന്നു എന്നതിന്റെ എല്ലാ തെളിവുകളും തങ്ങളും ശേഖരിച്ചു വരികയാണെന്നും പാണ്ഡേ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വെള്ളിയാഴ്ചകളില്‍ നിസ്‌കാരം നടക്കുന്നത് താജ്മഹലിനോടു ചേര്‍ന്നുള്ള മോസ്‌കിലാണെന്നും ഇതു സംബന്ധിച്ചുള്ള വിവാദങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും ഇവിടത്തെ ഇമാം പറഞ്ഞു.

Top