മുംബൈ: പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ അഴുക്കുചാലില്‍ നിന്നും പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍.
ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍ ബാബ സാഹേബിനേയാണ് പൊലീസ് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തത്.
കര്‍ണ്ണാടകയിലെ ബെല്‍ഗാമിയില്‍ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സാംഗ്ലി ജില്ലയിലെ ഹയ്‌സല്‍ ഗ്രാമത്തിലെ അഴുക്കുചാലില്‍നിന്ന് 19 പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.
ഫെബ്രുവരി 28ന് ഭാരതി ഹോസ്പിറ്റല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രത്തിനിടെ 26 വയസുള്ള ഗര്‍ഭിണിയായ സ്ത്രിയുടെ മരണത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം.
മൂന്നാമതും പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്ന വിശ്വാസത്തില്‍ യുവതിയെ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് മരിച്ച യുവതിയുടെ പിതാവ് പോലീസിന് മൊഴി നല്‍കി.
സംഭവം വിവാദമായതിന് പിന്നാലെ ഡോക്ടര്‍ ഒളിവില്‍പ്പോയിരുന്നു. ഡോക്ടറുടെ ഭാര്യയ്ക്കും സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയം. ഡോക്ടറിന്റെ ക്ലിനിക്കില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.