Sanjay Dutt Walks Out Of Pune’s Yerwada Jail With A Salute

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി. ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്.

ജയിലില്‍ നിന്ന് അദ്ദേഹം സമ്പാദിച്ച 450 രൂപയുമായാണ് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് ഒരുവിഭാഗം ആളുകള്‍ ദത്തിനെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. അവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ദത്തിനെ പുറത്തേക്ക് എത്തിച്ചത്.

പുണെയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലത്തെുന്ന ദത്ത് സിദ്ധി വിനായക് ക്ഷേത്ര ദര്‍ശനത്തിനും അമ്മ നര്‍ഗീസിന്റെ ഖബറിട സന്ദര്‍ശനത്തിനും ശേഷമാണ് പാലിഹില്ലിലെ വീട്ടിലേക്ക് പോകുക. ശിക്ഷക്കിടെ പരോളും അവധിയുമായി 118 ദിവസം ദത്ത് ജയിലിനു പുറത്തായിരുന്നു.

257 പേരുടെ മരണത്തിന് വഴിവെച്ച മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് കേസില്‍ പ്രതിയാ!യത്. നിയമവിരുദ്ധമായി ആയുധം വീട്ടില്‍ സൂക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. 2007ല്‍ കോടതി ദത്തിന് ആറു വര്‍ഷം തടവുശിക്ഷയും വിധിച്ചു. എന്നാല്‍, ദത്തിന്റെ ഹരജി പരിഗണിച്ച സുപ്രീംകോടതി അഞ്ച് വര്‍ഷമായി ശിക്ഷ ഇളവ് ചെയ്തു.

തുടര്‍ച്ചയായി ദത്തിന് പരോള്‍ നല്‍കുന്നതിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. വിവിധ ആവശ്യങ്ങളില്‍ നാലു തവണ ദത്തിന് ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചിരുന്നു.

Top