‘പത്മാവത് ‘എത്താന്‍ ഒരുങ്ങുന്നു ; പ്രദര്‍ശനം വിലക്കി ഗുജറാത്തും, മധ്യപ്രദേശും

ban-pathmavathy

ഭോപ്പാല്‍:സഞ്ജയ് ലീല ബന്‍സാരിയുടെ പത്മാവതി ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ പേരുമായി ജനുവരി 25ന് എത്താന്‍ ഒരുങ്ങവെ വീണ്ടും പ്രദര്‍ശനം വിലക്കി ഗുജറാത്തും, മധ്യപ്രദേശും. സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയതോടെ പത്മാവത് എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ വീണ്ടും ചിത്രം പ്രതിസന്ധിയിലാവുകയാണ്.

മധ്യപ്രദേശില്‍ പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. നേരത്തെ പത്മാവതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സെന്‍സറിങ് കഴിഞ്ഞെത്തിയ പത്മാവതിനും തുടരുമെന്ന് ചൗഹാന്‍ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പത്മാവതിന്റെ റിലീസിങ് സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് അറിയിച്ചു.

സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകന്‍ തയാറായതോടെ സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൂടാതെ, സിനിമയുടെ പേര് മാറ്റണമെന്ന ബോര്‍ഡിന്റെ ആവശ്യം സംവിധായകന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. അഞ്ചോളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുമുണ്ട്.

അലാവുദ്ദീന്‍ ഖില്ജിയുടെയും, റാണി പത്മാവതിയുടെയും കഥ പറയുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

Top