മുംബൈ: മുന്‍ ഇന്ത്യ ബാറ്റ്‌സ്മാനും പ്രശസ്ത ബ്രോഡ്കാസ്റ്ററുമായ സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഞ്ജ്രേക്കറിനെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ അധികാരികള്‍ തൃപ്തരല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ലെ ഐസിസി ലോകകപ്പ് വേളയില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനും സഹ കമന്റേറ്ററുമായ ഹര്‍ഷാ ഭോഗലിന്റെ വിശ്വാസ്യതയെയും മഞ്ജരേക്കര്‍ ചോദ്യം ചെയ്ത് മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. ഇതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
2020 ഐപിഎല്‍ സീസണിലും ഇനി കമന്ററി ബോക്‌സില്‍ മഞ്ജരേക്കര്‍ ഉണ്ടാവില്ല. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിനായി ധര്‍മശാലയിലെത്തിയ കമന്ററി പാനലില്‍ മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല.