തന്റെ വിജയത്തിന്റെ ക്രഡിറ്റ് സഞ്ജയ് മഞ്ജരേക്കറുമായി പങ്കുവച്ച് കൊഹ്ലി

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി- 20യിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയായിരുന്നു. 52 പന്തില്‍ നിന്നായി നാല് ഫോറും മൂന്നു സിക്‌സുമടക്കം 72 റണ്‍സെടുത്ത താരത്തിന്റെ കിടിലന്‍ ഇന്നിങ്‌സാണ് ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ഈ വിജയത്തിന്റെ ക്രഡിറ്റ് സഞ്ജയ് മഞ്ജരേക്കറുമായി പങ്കുവച്ചിരിക്കുകയാണ് താരം.

ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിനു മുന്നോടിയായി നടന്ന ടോസിനിടെ കോഹ്‌ലിയുടെ മികച്ച ട്വന്റി 20 ഇന്നിങ്സുകളിലൊന്ന് പിറന്നത് ഇതേ മൈതാനത്തു നിന്നായിരുവെന്ന് മഞ്ജരേക്കര്‍ താരത്തെ ഓര്‍മിപ്പിക്കുകയുണ്ടായി. 2016-ലെ ട്വന്റി- 20 ലോകകപ്പില്‍ ഓസീസിനെതിരേ നടന്ന മത്സരത്തെ കുറിച്ചാണ് മഞ്ജരേക്കര്‍ പറഞ്ഞത്. അന്ന് ഓസീസിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 51 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത കോഹ്‌ലിയുടെ മികവില്‍ വിജയം നേടിയിരുന്നു.

മഞ്ജരേക്കരുടെ ഈ ഓര്‍മപ്പെടുത്തല്‍ ശരിക്കും തനിക്കൊരു ഉത്തേജനമായി മാറുകയായിരുന്നുവെന്നാണ് കൊഹ്ലി പറഞ്ഞത്. ടീമിനു വേണ്ടി അത്തരമൊരു പ്രകടനം കാഴ്ച വയ്ക്കുന്നത് ഒരു വൈകാരിക അനുഭവം തന്നെ സമ്മാനിക്കുമെന്നും താരം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി- 20 മത്സരത്തിലെ ഉജ്ജ്വല പ്രകടനത്തോടെ രാജ്യാന്തര ട്വന്റി- 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. ഇതു കൂടാതെ 22 അര്‍ധ സെഞ്ചുറികളോടെ രാജ്യാന്തര ട്വന്റി- 20യില്‍ കൂടുതല്‍ തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമെന്ന മറ്റൊരു റെക്കോഡും താരം നേടിയെടുത്തു. ഇവിടെയും രോഹിത്തിനെയാണ് കൊഹ്ലി മറികടന്നത്.

Top