രാഷ്ട്രത്തെ രക്ഷിക്കാന്‍ മോഹന്‍ ഭാഗവത് ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കണമെന്ന് സഞ്ജയ് റാവുത്ത്

മുബൈ: രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെങ്കില്‍ മോഹന്‍ ഭാഗവത് ഇന്‍ഡ്യയെ പിന്തുണക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. രാജ്യത്തിന്റെ ജനാധിപത്യം ഇന്ന് അപകടത്തിലാണ്. വ്യത്യസ്ത ആശയങ്ങള്‍ വഹിക്കുന്ന ആളുകള്‍ ഇന്‍ഡ്യ സഖ്യത്തില്‍ ചേരുകയും ഏകാധിപത്യത്തിനെതിരെ പോരാടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മോഹന്‍ ഭാഗവത് രാഷ്ട്രത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാന്‍ ഇന്ത്യ സഖ്യത്തെ പിന്തുണക്കണം എന്നാണ് റാവുത്ത് പറഞ്ഞത്.

ഇന്ത്യയെ മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത ചിലര്‍ ഇവുടെയുണ്ടെന്നും അവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നുമുള്ള ആര്‍.എസ്.എസ് മേധാവിയുടെ പരാമര്‍ശത്തിന് മറുപടിയുമായാണ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്. ഇന്ത്യ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കാത്ത ചിലര്‍ ഉണ്ടെന്നും അവര്‍ സമൂഹത്തില്‍ ചേരിതിരിവുകളും സംഘട്ടനങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും അറിവില്ലായ്മ കൊണ്ടും മറ്റും നമ്മളും ചിലപ്പോള്‍ അതില്‍ കുടുങ്ങുന്നുവെന്നും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വിജയദശമി ഉത്സവത്തില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍.എസ്.എസ് മേധാവി ഭാഗവത് പറഞ്ഞിരുന്നു.

അനാവശ്യ ശല്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണെന്നും ഇന്ത്യ പുരോഗമിച്ചാല്‍ പ്രശ്‌നമുള്ളവരാണ് തുടര്‍ച്ചയായി എതിര്‍പ്പുമായി എത്തുന്നതെന്നും എതിര്‍ക്കുന്നതിന് വേണ്ടി പ്രത്യേക പ്രത്യയശാസ്ത്രങ്ങള്‍ സ്വീകരിക്കുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

Top