ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് ആദായനികുതി വകുപ്പ് പ്രവര്‍ത്തിക്കുന്നത്: ശിവസേന

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനു നേരെയുള്ള രാഷട്രീയ വൈരാഗ്യം തീര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എം വി എ നേതാക്കള്‍ക്കെതിരെ കരുതിക്കൂട്ടി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്.

ആദായ നികുതി വകുപ്പ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ നിലവിലുള്ളോ എന്ന് പരിഹസിച്ച അദ്ദേഹം എന്തുകൊണ്ടാണ്് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം റെയ്ഡുകള്‍ നടക്കാത്തതെന്നും ചോദിച്ചു.

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ അടുത്ത് വന്നപ്പോഴേക്കും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നിലവിലുള്ള ആദായനികുതി വകുപ്പ് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും റെയ്ഡുകള്‍ ആരംഭിച്ചെന്ന് സഞ്ജയ് റാവത്ത് ആഞ്ഞടിച്ചു. പരിശോധനകള്‍ എത്ര വേണമെങ്കിലും നടക്കട്ടേയെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top