മുംബൈ: ബിജെപി നേതാവും മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നവിസിനെതിരെ ആഞ്ഞടിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്. മഹാരാഷ്ട്രയില്‍ താമര മുങ്ങിപ്പോകാന്‍ കാരണം ഫഡ്നവിസിന്റെ അധികാര മോഹവമാണെന്നാണ് സഞ്ജയ് പറഞ്ഞത്.
മഹാരാഷ്ട്രയില്‍ പ്രതിപക്ഷം ഇല്ലെന്നും ശരദ് പവാര്‍ യുഗം അവസാനിച്ചുവെന്നും ഫഡ്നവിസ് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഫഡ്നവിസിന് പ്രതിപക്ഷ നേതാവായി മാറേണ്ടി വന്നുവെന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു. ശിവസേന മുഖപത്രമായ സാംനയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ബിജെപിയും താനും തിരിച്ച് അധികാരത്തില്‍ എത്തുമെന്ന് ഫഡ്നവിസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് വെറും വ്യാമോഹമാണെന്നും അദ്ദേഹത്തിന്റെ അധികാരമോഹമാണ് അത്തരത്തില്‍ പ്രസ്താവന ഇറക്കാന്‍ കാരണമെന്നും സഞ്ജയ് പറഞ്ഞു. അമിത ആത്മവിശ്വാസവും ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളിലുള്ള അന്ധമായ വിശ്വാസവും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തകര്‍ത്തു. അജിത് പവാറിന്റെ നീക്കം സേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യ രൂപവത്കരണം വേഗത്തിലാക്കി. ശരദ് പവാര്‍ മുന്‍കൈ എടുത്തതുകൊണ്ടാണ് സഖ്യം യാഥാര്‍ഥ്യമായത്. ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് സംശയിച്ചിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ വേഗത്തിലാക്കിയത്. ശരദ് പവാറാണെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയും എന്‍സിപി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഒന്നിച്ചെടുത്ത തീരുമാനം രാജ്യത്തിന് മുഴുവന്‍ സ്വീകാര്യമായി. ഡല്‍ഹിയില്‍ ഉള്ളതുപോലെയുള്ള ‘ആള്‍ക്കൂട്ട ഭരണം’ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ശക്തരായ മോദി – ഷാ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയത്. ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും. ഫഡ്നവിസിനൊപ്പം അജിത് പവാര്‍ പോയത് ശരദ് പവാറിന്റെ അറിവോടെയാണെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ ശരദ് പവാറിനു മുന്നില്‍ ശിരസ് നമിക്കുകയാണെന്നും റാവത്ത് അഭിപ്രായപ്പെട്ടു.