ലക്‌നൗ: ബിക്രം സിംഗ് മജീതിയയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്. തനിക്കെതിരെ മജീതിയ നല്‍കിയ മാനനഷ്ടക്കേസ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അരവിന്ദ് കേജരിവാള്‍ മജീതിയയോട് മാപ്പ് പറഞ്ഞ സംഭവത്തോട് പ്രതികരിക്കാന്‍ സഞ്ജയ് സിംഗ് തയാറായില്ല.
താന്‍ മുമ്പ് എന്താണോ പറഞ്ഞത് അതില്‍ ഉറച്ച് നില്‍ക്കണെന്നും, ഇവിടെയും അവിടെയും എന്താണു പറയുന്നതെന്ന് പരിഗണിക്കുന്നില്ലെന്നും തന്റെ നിലപാടില്‍ നിന്നും പിന്തിരിയില്ലെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
മജീതിയയോട് കേജരിവാള്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവത് മന്‍ രാജിവച്ച സംഭവത്തിലും സഞ്ജയ് സിംഗ് പ്രതികരിച്ചില്ല. ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കാനില്ലെന്നും കേജരിവാളിനും ആശിഷ് ഖേതനും തനിക്കുമെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ തന്റെ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മജീതിയക്കു മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് എഎപി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ ദിവസം കേജരിവാള്‍ മാപ്പ് പറഞ്ഞ് കേസില്‍നിന്നും ഒഴിവാകാന്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവത് മന്‍ രാജിവച്ചിരുന്നു.