ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റി അംഗീകരിക്കില്ലെന്ന് സഞ്ജയ് സിംഗ്. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് താല്‍ക്കാലിക അഡ് ഹോക് കമ്മറ്റി രൂപികരിച്ചത്. ഇതിനെതിരെയാണ് പുതിയ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന സഞ്ജയ് സിംഗ് രംഗത്തുവന്നത്.
ഡിസംബര്‍ 21നാണ് സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പഴയ അദ്ധ്യക്ഷനായ ബ്രിജ്ഭൂഷണ്‍ സിംഗിന്റെ സഹായിയാണ് ഇയാളെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിച്ചും ബജ്‌റംഗ് പൂനിയയും വിജേന്ദര്‍ സിംഗും പദ്മശ്രീ തിരികെ നല്‍കിയും പ്രതിഷേധിച്ചിരുന്നു. പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
താന്‍ പുതിയ സമിതിയില്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യപരമായാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഗുസ്തി ഫെഡറേഷന്‍ സ്വയംഭരണമുള്ള സംഘടനയാണ്. തന്റെ അനുവാദമില്ലാതെ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ സാധിക്കില്ല. കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യും. തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കും എന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യക്ഷന്‍ സഞ്ജയ് സിംഗ് പ്രതികരിച്ചു.