പൗരത്വ നിയമത്തില്‍ ജനകീയ രോഷം ഇത്രയേറെ ആളിക്കത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബലിയാന്‍. നിയമത്തില്‍ പൊതുജന പ്രതിഷേധം ഇത്രയും രൂക്ഷമാകുമെന്ന് ബിജെപി ജനപ്രതിനിധികള്‍ മുന്‍കൂട്ടി കണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തില്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള വ്യക്തികള്‍ പ്രതിഷേധങ്ങളുടെ ഭാഗമായി മാറുകയാണ്.
‘ഈ പ്രതിഷേധങ്ങള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിച്ചില്ല. ഞാന്‍ മാത്രമല്ല മറ്റ് ബിജെപി അംഗങ്ങളും ഈ തരത്തിലുള്ള രോഷം പ്രവചിച്ചില്ല’, സഞ്ജീവ് ബലിയാന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ചില ബിജെപി മന്ത്രിമാരും നേതാക്കളും ഇതേ നിലപാട് ആവര്‍ത്തിച്ചു. നിലവില്‍ പ്രതിഷേധങ്ങള്‍ അനസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഒരു മന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം അനധികൃത ഇസ്ലാം ഇതര കുടിയേറ്റക്കാരെ സംരക്ഷിക്കുമ്പോള്‍ അനധികൃത മുസ്ലീം കുടിയേറ്റക്കാരെ ദേശീയ പൗരത്വ രജിസ്റ്റര്‍ കൂടി ചേരുമ്പോള്‍ രാജ്യത്തിന് പുറത്താകുമെന്നാണ് ആശങ്ക. എന്നാല്‍ ദേശീയ തലത്തില്‍ എന്‍ആര്‍സി നടപ്പാക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കാണ് നിലവില്‍ പ്രതിഷേധവും ചര്‍ച്ചകളും നീളുന്നത്. എന്‍പിആറും, എന്‍ആര്‍സിയും ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുന്നു. 18 പേരാണ് രാജ്യത്ത് വിവിധ പ്രതിഷേധങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് കണക്ക്.